ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ കരാർ ലിവർപൂൾ നീട്ടി. ഈ സീസൺ ഒടുവിൽ ക്ലോപ്പ് ക്ലബ് വിട്ടേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെന്നെങ്കിലും അതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് തെളിയിച്ചാണ് ക്ലബ് ക്ലോപ്പിന്റെ കാലാവധി നീട്ടിനൽകിയത്. 2024 വരെയാണ് പുതിയ കാലാവധി.
2016ലാണ് ക്ലോപ്പ് കരാർ പുതുക്കിയത്. കരാർ പ്രകാരം രണ്ടരവർഷത്തോളം കരാർ ബാക്കിയുണ്ടെങ്കിലും പരിശീലകന്റെ മികവിൽ ക്ലബ് സംത്രുപ്തരായതിനെ തുടർന്നാണ് മാനേജ്മെന്റ് അഞ്ചുവർഷത്തേക്ക് കരാർ നീട്ടിയത്.
ലിവർപൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ക്ലബ് ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ക്ലബിനെ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ക്ലോപ്പ് ഇത്തവണ പ്രീമിയർ ലീഗും ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.വമ്പൻ താരങ്ങൾ ഇല്ലെങ്കിലും ടീമെന്ന നിലയിൽ കളിക്കാരെ ഒരുമിപ്പിക്കാൻ ക്ലോപ്പിന് കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് നിലവിൽ ലിവർപൂൾ.
ക്ലബുമായി കരാർ കാലാവധി നീട്ടിയതിൽ ക്ലോപ്പെ സന്തോഷം പ്രകടിപ്പിച്ചു. 2024 വരെ ക്ലോപ്പ് ലിവർപൂളിൽ കരാർ ദീർഘിപ്പിക്കുകയാണെങ്കിൽ ബോബ് പെയ്സ്ലിക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ലിവർപൂൾ പരിശീലകനാകുന്നയാളെന്ന ഖ്യാതിയും ക്ലോപ്പ് സ്വന്തമാക്കും.