‘എന്നും മര്‍ദ്ദനം, ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ’; സ്വവർഗബന്ധം വെളിപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി ദ്യുതി ചന്ദ്

ചൊവ്വ, 21 മെയ് 2019 (18:11 IST)
പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും വെളിപ്പെടുത്തേണ്ടി വന്നത് സ്വന്തം സഹോദരിയുടെ ഉപദ്രവം മൂലമെന്ന് വനിതാ അത്‌ലീറ്റ് ദ്യുതി ചന്ദ്.

സഹോദരി തന്നെ ക്രൂരമായി മർദ്ദിക്കുന്നത് പതിവാണ്. ഇക്കാര്യം താന്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യുന്നത് ശക്തമായതോടെയാണ് സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നത്. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കാവുന്നതിലും അപ്പുറമാണെന്നും 100 മീറ്ററിൽ ദേശീയ റെക്കോർഡിന് ഉടമയായ ദ്യുതി പറഞ്ഞു.

കുടുംബത്തിന്റെ സമ്മർദ്ദത്തിൽ ഒരു കാരണവശാലും വീഴില്ല. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളൂ. പ്രായപൂർത്തിയായ വ്യക്തിയാണ് ഞാൻ. പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്ന പങ്കാളിയുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ദ്യുതി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാ‍ണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ദ്യുതി വെളിപ്പെടുത്തല്‍ നടത്തിയത്‌. അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ് അവള്‍. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുകയാണ് സുഹൃത്തിപ്പോള്‍ എന്നുമാണ് ദ്യുതി പറഞ്ഞത്.

തന്റെ ആരാധികയായിരുന്ന അവര്‍ ദിവസവും വീട്ടില്‍ വരുമായിരുന്നു. ഈ ചങ്ങാത്തമാണു പ്രണയത്തിലെത്തിച്ചത്‌. ലിംഗ വിവാദത്തെത്തുടര്‍ന്നു താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസിലാക്കിയതോടെ അവള്‍ കൂടുതല്‍ അടുത്തു.
ആരാധനയും പ്രണയവും മൂത്ത്‌ കായിക താരമാകണമെന്നു പോലും അവള്‍ക്കു തോന്നിയിരുന്നതായി ദ്യുതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഇംഗ്ലണ്ടിനെ പൂട്ടാന്‍ കഴിയുന്നത് ഇന്ത്യക്ക് മാത്രം; ഇതാണ് ‘ആ വലിയ’ കാരണങ്ങള്‍!