ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളച്ച് മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കന്ദില്‍ നടക്കുന്ന ലോക ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ പതിനൊന്നാം റൗണ്ടിലാണ് നിഹാല്‍ കാള്‍സണുമായി ഏറ്റുമുട്ടിയത്. ഓണ്‍ലൈന്‍ മത്സരങ്ങളില്‍ ഇരുവരും മുന്‍പ് കോര്‍ത്തിട്ടുണ്ടെങ്കിലും ഫിഡെ റേറ്റഡ് മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനെ തളയ്ക്കാനായത് 19കാരനായ നിഹാലിന് വലിയ നേട്ടമാണ്.
കാള്‍സനെ തളയ്ക്കാന്‍ സാധിച്ചെങ്കിലും പതിനഞ്ചാം റൗണ്ടില്‍ റഷ്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ യാന്‍ നീപോംനീഷിയോട് പരാജയപ്പെട്ടതോടെ നിഹാല്‍ ടൂര്‍ണമെന്റില്‍ പത്താം സ്ഥാനത്തേയ്ക്കിറങ്ങി. പോയന്റ് പട്ടികയില്‍ ആദ്യ അഞ്ചില്‍ എത്തിയതിന് പിന്നാലെയായിരുന്നു നിഹാലിന്റെ വീഴ്ച. 13 പോയിന്റുമായി അര്‍റ്റമീവ് വ്‌ലാദിസ്ലാവ് ആണു ടൂര്‍ണമെന്റില്‍ ഒന്നാമത്. അതേസമയം കാള്‍സണുമായി സമനില പിടിയ്ക്കാനായത് വലിയ ബോണസായി കരുതുന്നതായി നിഹാല്‍ സരിന്‍ പ്രതികരിച്ചു. ഏറെക്കാലമായി താന്‍ ആഗ്രഹിച്ച മത്സരമായിരുന്നു ഇതെന്നും തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ നിഹാല്‍ പറഞ്ഞു.