വയറിനേറ്റ പരിക്കിനെ തുടർന്ന് വിംബിൾഡൺ സെമിഫൈനൽ മത്സരത്തിൽ നിന്നും റാഫേൽ നദാൽ പിന്മാറി. ഇതോടെ നിക്ക് കിർഗിയോസ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കൊവിച്ച് കാമറോൺ നോറിയെ നേരിടും.
കഴിഞ്ഞ ക്വാർട്ടർ മത്സരത്തിൽ പരിക്കേറ്റിട്ടും പിന്മാറാതെ കളിച്ച നദാൽ ആവേശകരമായ മത്സരത്തിൽ ടൈലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചാണ് സെമിയിലേക്ക് യോഗ്യത നേടിയത്. അച്ഛൻ പിന്മാറാൻ ആവശ്യപ്പെട്ടിട്ടും മത്സരം നദാൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ നദാലിൻ്റെ വയറ്റിലെ പേശിയിൽ 7 മില്ലിമീറ്റർ ആഴമുള്ള മുറിവ് കണ്ടെത്തി. ഇതോടെയാണ് സെമിക്ക് തൊട്ടുമുൻപ് നദാൽ മത്സരത്തിൽ നിന്നും പിന്മാറിയത്.
അതേസമയം ഓസ്ട്രേലിയൻ താരമായ നിക്ക് കിർഗിയോസിൻ്റെ ആദ്യ ഗ്രാൻസ്ലാം ഫൈനൽ പ്രവേശനമാണിത്. ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിനാണ് സാധ്യതയേറെയും. അതേസമയം സ്വന്തം നാട്ടുകാർക്ക് മുന്നിലിറങ്ങുന്നത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് കാമറോൺ നോമി തൻ്റെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനൽ മത്സരത്തിനിറങ്ങുന്നത്.