ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാത്രിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗാട്ട്, ബജ്റംഗ് പുനിയ,സാക്ഷി മാലിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്. ബ്രിജ്ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാരുടെ പ്രതിഷേധം.
അതേസമയം സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ മറ്റ് വിഭാഗങ്ങളിലെ കായികതാരങ്ങൾ ഒന്നും പ്രതികരിച്ചിട്ടില്ല. നീരജ് ചോപ്ര മാത്രമാണ് താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് താരങ്ങളുടെ മൗനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തി താരമായ വിനേഷ് ഫോഗാട്ട്. ഒളിമ്പിക്സിലും കോമൺവെൽത്തിലും മെഡൽ നേടുമ്പോൾ മാത്രം പ്രതികരിക്കുന്ന ക്രിക്കറ്റ് താരങ്ങൾ തങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ മിണ്ടാതിരിക്കുന്നത് ഭരണകൂടത്തെ ഭയക്കുന്നത് കൊണ്ടാണോ എന്ന് ഫോഗാട്ട് ചോദിക്കുന്നു.
ക്രിക്കറ്റ് താരങ്ങൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കണമെന്ന് പറയുന്നില്ല. നിഷ്പക്ഷമായെങ്കിലും ഈ വിഷയത്തെ പറ്റി പ്രതികരിക്കു. യുഎസിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ വന്നപ്പോൾ ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങൾ അവരെ പിന്തുണച്ചു. അത്രയെങ്കിലും ഞങ്ങൾ അർഹിക്കുന്നില്ലെ? ഇത് വേദനിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ ഞങ്ങളെ പിന്തുണയ്ക്കാത്തവർ നാളെ ഒരു മെഡൽ ഞങ്ങൾ നേടുമ്പോൾ ഞങ്ങൾക്കൊപ്പം നിൽക്കേണ്ടതില്ല. വിനേഷ് ഫോഗാട്ട് ചോദിച്ചു.