Explained: 53 കിലോയില്‍ മത്സരിച്ചിരുന്ന വിനേഷ് പാരീസ് ഒളിംപിക്‌സിനായി 50 കിലോയിലേക്ക് എത്തി; ഫൈനലിനു മുന്‍പ് ഭാരം കുറയ്ക്കാന്‍ തീവ്രശ്രമം !
ഫോഗട്ട് അയോഗ്യയായ സാഹചര്യത്തില്‍ സെമി ഫൈനലില്‍ തോറ്റ ക്യൂബയുടെ യുസ്‌നേയ്‌ലിസ് ഗുസ്മാന്‍ ഫൈനലിലേക്ക് യോഗ്യത നേടി
Vinesh Phogat - Paris Olympics 2024
Explained: പാരീസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ചതാണ് ഇന്ത്യയുടെ വിനേഷ് ഫോഗട്ട്. ഫൈനലിനു മുന്നോടിയായുള്ള ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിനു 50 കിലോയേക്കാള്‍ കൂടുതലാണ് കാണിച്ചത്. ഇതേ തുടര്‍ന്ന് രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷനാണ് ഫോഗട്ടിനെ അയോഗ്യയാക്കാന്‍ തീരുമാനിച്ചത്. ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള ഭാര പരിശോധനയില്‍ ഫോഗട്ടിന്റെ ശരീരഭാരം 50.100 കിലോഗ്രാം എന്നാണ് തെളിഞ്ഞത്. അതായത് 50 കിലോഗ്രാമിനേക്കാള്‍ 100 ഗ്രാം കൂടുതല്‍ !
ഗുസ്തി മത്സരങ്ങളുടെ മാനദണ്ഡം അനുസരിച്ച് നിശ്ചിത ശരീരഭാര കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഓരോ മത്സരാര്‍ഥിയും നിശ്ചയിക്കപ്പെട്ടിരിക്കുന്ന കൃത്യം തൂക്കമോ അതില്‍ കുറവോ ആയി ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്. അതായത് 50 കിലോഗ്രാം കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന മത്സരാര്‍ഥിക്ക് കൃത്യം 50 കിലോ ശരീരഭാരമോ അതില്‍ കുറവോ ആയിരിക്കണം. അവിടെയാണ് വിനേഷ് ഫോഗട്ടിനു 100 ഗ്രാം കൂടുതല്‍ ശരീരഭാരം രേഖപ്പെടുത്തിയത്.
മത്സരത്തിനു 14 മണിക്കൂര്‍ മുന്‍പ് ഭാര പരിശോധന നടത്തണമെന്നാണ് നിയമം. സെമി ഫൈനലിനു പിന്നാലെ ശരീരഭാരം നേരിയ തോതില്‍ കൂടിയിട്ടുണ്ടെന്ന് വിനേഷ് ഫോഗട്ടിനും പരിശീലകര്‍ക്കും വ്യക്തമായിരുന്നു. ഫൈനലിനു മുന്‍പായി ഭാരപരിശോധന നടത്തുമ്പോള്‍ ഇത് തിരിച്ചടിയായേക്കാമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നു. ഇന്നു രാവിലെ ഭാരപരിശോധനയ്ക്കു മുന്‍പായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താന്‍ ഇന്നലെ രാത്രി മുഴുവന്‍ ഫോഗട്ട് ഭക്ഷണവും വെള്ളവും ഒഴിവാക്കിയും കഠിനമായ വ്യായാമ മുറകള്‍ ചെയ്തും തീവ്രശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. തന്നെ അയോഗ്യയാക്കിയ വിവരം ആശുപത്രി കിടക്കയില്‍ വെച്ചാണ് ഫോഗട്ട് അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫൈനലിനു മുന്‍പ് ശരീരഭാരം പരിശോധിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് വിനേഷ് ഫോഗട്ട് ഭാര പരിശോധന നടത്തിയത്. ശരീരഭാരം 50 കിലോയേക്കാള്‍ കൂടുതലാണെന്ന് മനസിലാക്കിയ അധികൃതര്‍ ഫോഗട്ടിനെ അയോഗ്യയാക്കുമെന്ന സൂചന നല്‍കി. ഒളിംപിക്‌സ് അധികൃതരും ഇന്ത്യന്‍ സംഘവും തമ്മില്‍ ഇതേ തുടര്‍ന്ന് വാക്കേറ്റമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫോഗട്ട് അയോഗ്യയായ സാഹചര്യത്തില്‍ സെമി ഫൈനലില്‍ തോറ്റ ക്യൂബയുടെ യുസ്‌നേയ്‌ലിസ് ഗുസ്മാന്‍ ഫൈനലിലേക്ക് യോഗ്യത നേടി. മാത്രമല്ല 50 കിലോ ഗുസ്തി ഇനത്തില്‍ ഏറ്റവും അവസാനത്തെ മത്സരാര്‍ഥി എന്ന നിലയിലാകും ഫോഗട്ടിന്റെ സ്ഥാനം. അതായത് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ചിടത്തു നിന്ന് ഏറ്റവും പിന്നിലേക്ക്..! ഫോഗട്ട് നേരത്തെ മത്സരിച്ചിരുന്നത് സ്ത്രീകളുടെ 53 കിലോ കാറ്റഗറിയിലാണ്. പാരീസ് ഒളിംപിക്‌സിനു മുന്നോടിയായാണ് ശരീരഭാരം കുറച്ചതും 50 കിലോ കാറ്റഗറിയിലേക്ക് മാറിയതും. ഈ തീരുമാനം ഫോഗട്ടിനു തന്നെ തിരിച്ചടിയായിരിക്കുകയാണ് ഇപ്പോള്‍.