ടോക്യോ ഒളിമ്പിക്‌സിൽ ഫൈനൽ മത്സരത്തിൽ മാനസിക സമ്മർദ്ദത്തെ തുടർന്ന് പിൻവാങ്ങിയ സിമോൺ അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസിനെ കായികലോകം കൈയ്യടികളോടെയായിരുന്നു സ്വീകരിച്ചത്. മാനസികാരോഗ്യം പ്രധാനമാണെന്ന് ലോകമെങ്ങും അംഗീകരിക്കുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും കായികതാരങ്ങൾ സമ്മർദ്ദങ്ങൾക്കുള്ളിലാണ്.
ടോക്യോ ഒളിമ്പിക്‌സിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെയും മാനസിക പീഡനത്തെയും പറ്റി വിവരിച്ചിരിക്കുകയാണ് ഇന്ത്യൻ ഗുസ്‌തി താരം വിനേഷ് ഫോഗാട്ട്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നെങ്കിലും ആദ്യ റൗണ്ടിൽ തന്നെ വിനേഷ് പുറത്തായിരുന്നു. ഇതിന് പിന്നാലെ കടുത്ത വിമർശനമാണ് താരത്തിന് നേരിടേണ്ടി വന്നത്.
എനിക്ക് എന്തുപറ്റിയെന്ന് ആരും തന്നെ ചോദിക്കുന്നില്ല. ഞാൻ എന്നെ തന്നെ ഗുസ്‌തിക്ക് വേണ്ടി സമർപ്പിച്ചതാണ്. ഗുസ്‌തി തന്നെ നിർത്തിയാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. അങ്ങനെ ചെയ്‌താൻ ഞാൻ പൊരുതാതെ കീഴടങ്ങുന്നത് പോലെയാകും. പുറത്ത് നിന്നുള്ള പലരും എന്റെ വിധി എഴുതി കഴിഞ്ഞു. എന്നെ കുറ്റം പറയുന്ന സമീപനമാണ് സഹതാരങ്ങളിൽ നിന്ന് പോലും ഉണ്ടാവുന്നത്. മറ്റെല്ലാ കായികതാരങ്ങളിൽ പോലെ സമ്മർദ്ദത്തിലൂടെയാണ് ഞാനും കടന്നുപോയത്. അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം. ഞാൻ ഒരിക്കലും തോറ്റ് പോയിട്ടില്ല.
നമ്മൾ സിമോൺ ബൈൽസിനെ ആഘോഷിക്കുകയാണ്. എന്നാൽ ഞാൻ കളിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞാൽ ഇവിടത്തെ അവസ്ഥ എന്താകും. മത്സരരംഗത്തേക്ക് ഞാൻ ഇനി ചിലപ്പോൾ മടങ്ങിവന്നേക്കില്ല, എന്റെ ശരീരം തളർന്നിട്ടില്ല,എനാൽ മനസാകെ തളർന്നിരിക്കുന്നു. വിനേഷ് പറയുന്നു. ഒളിമ്പിക്‌സിൽ നിന്ന് പുറത്തായതിന് പിന്നാലെ അച്ചടക്ക ലംഘനം കാണിച്ചുവെന്ന് കാണിച്ച് വിനേഷിനെ ദേശീയ ഗുസ്‌തി ഫെഡറേഷൻ കഴിഞ്ഞ ദിവസം സസ്‌പൻഡ് ചെയ്‌തിരുന്നു.
ഇന്ത്യൻ സംഘത്തിനൊപ്പം യാത്ര ചെയ്‌തില്ല,മറ്റ് താരങ്ങൾക്കൊപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചു. ഔദ്യോഗിക സ്പോൺസറുടെ ലോഗോ ജേഴ്‌സിയിൽ ധരിച്ചില്ല എന്നെല്ലാം കാണിച്ചായിരുന്നു വിനീഷിനെ സസ്പൻഡ് ചെയ്‌തത്.