ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. സക്കർബർഗിന്റെ കമ്പനിയായ മെറ്റയുടെ ഓഹരിവില കഴിഞ്ഞ ദിനം കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയും അദാനിയും മുന്നിലെത്തിയത്.
സ്‌റ്റോക്ക് മാര്‍ക്കറ്റിലെ കനത്ത ഇടിവ് കാരണം സുക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ 30 ബില്ല്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്ല്യണേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം അദാനിയുടെ ആസ്തി 90.1 ബില്ല്യണ്‍ ഡോളറും അംബാനിയുടെ ആസ്തി 90 ബില്ല്യണ്‍ ഡോളറുമാണ്. സ്‌റ്റോക്ക് ഇടിവോടെ സക്കർബർഗ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
200 ബില്യണ്‍ ഡോളറിലധികമാണ് ഒറ്റദിനം സക്കർബർഗിന് നഷ്ടമായത്.സക്കർബർഗിന്റെ കമ്പനിയായ മെറ്റയുടെ വിപണി മൂല്യത്തില്‍ 12.8 ശതമാനമാണ് ഇടിവുണ്ടായത്. 2015ന് ശേഷം ഇതാദ്യമായാണ് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും സക്കർബർഗ് പുറത്താകുന്നത്.