പെട്രോൾ ഡീസൽ വാഹന വിപണി കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജിഎസ്‌ടിയിൽ 10 ശതമാനം കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാഹന നിർമ്മാതാക്കളുടെ ആവശ്യം പരിഗണിച്ച് ഗോവയിൽ വച്ച് ചേരുന്ന ജിഎസ്ടി കൗസിൽ യോഗത്തിൽ വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി പുതുക്കി നിശ്ചയിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ചുരുങ്ങിയത് ആറു മാസത്തേക്ക് ജിഎസ്ടിയിൽ ഇളവ് വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. എന്നാൽ ഒരു തവണ ജിഎസ്‌ടി കുറച്ചാൽ വീണ്ടും വർധിപ്പുക്കുന്നത് എളുപ്പമാകില്ല എന്നതിനാൽ സംസ്ഥാനങ്ങളിൽനിന്നും കടുത്ത എതിർപ്പ് നേരിട്ടേക്കാം. ജിഎസ്ടിയിൽ ഇളവ് വരുത്തുന്നതോടെ വാഹനത്തിന്റെ വിലയിൽ വലിയ കുറവ് ഉണ്ടാകും.
4 മീറ്ററിൽ താഴെ നീളമുള്ള 1200 സിസി വരെ എഞ്ചിൻ കപ്പാസിറ്റി ഉള്ള വാഹനങ്ങൾക്ക് ഒരു ശതമാനം സെസ് അടക്കം 29 ശതമാനവും, 1500 സിസി വരെ എഞ്ചിൻ കപ്പാസിറ്റിയും 4 മീറ്ററിൽ താഴെ നീളവുമുള്ള ഡീസൽ കാറുകൾക്ക് മൂന്ന് ശതമാനം സെസ് ഉൾപ്പടെ 31 ശതമാനവുമാണ് ജിഎസ്‌ടി. ചെറു പാസഞ്ചർ വാഹനങ്ങൾക്ക് 45 ശതമാനവും, വലിയ പാസഞ്ചർ വാഹനങ്ങൾക്ക് 48 ശതമാനവും ജിഎസ്‌ടി നൽക്കണം. 50 ശതമാനമാണ് എസ്‌യുവികളുടെ ജിഎസ്‌ടി.
ജിഎസ്ടി 10 ശതമാനം കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ വാഹനങ്ങളുടെ വിലയിൽ വലിയ കുറവ് ഉണ്ടാകും. അതായത് 5 ലക്ഷം രുപ വില വരുന്ന വാഹനത്തിന് ചുരുങ്ങിയത് 50,000 രൂപ വിലയിൽ കുറവ് വരും. വില കുറയുന്നതിന് ആനുപാതികമായി റോഡ് ടാക്സും, ഇൻഷുറൻസും കുറയും. കഴിഞ്ഞ പത്ത് മാസത്തോളമായി പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.