ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാർ; സ്വിഫ്‌റ്റ്, ബെലേനോ മോഡലുകളെ മാരുതി തിരിച്ചു വിളിച്ചു
ബ്രേക്കിംഗ് സംവിധാനത്തിലെ തകരാർ; 52,686 കാറുകളെ തിരിച്ചുവിളിച്ച് മാരുതി
ബ്രേക്കിംഗ് സംവിധാനത്തിലെ തകരാര്‍ മൂലം വാഹന പ്രേമികളുടെ മനം കവര്‍ന്ന സ്വിഫ്‌റ്റ്, ബെലേനോ മോഡലുകളെ മാരുതി തിരിച്ചു വിളിച്ചു. 2017 ഡിസംബർ ഒന്നിനും 2018 മാർച്ച് പതിനാലിനുമിടയിൽ നിർമ്മിച്ച 52,686 കാറുകളാണ് പരിശോധനയ്‌ക്കായി തിരിച്ചെത്തുന്നത്.
ബ്രേക്ക് വാക്വം ഹോസിലെ നിർമ്മാണപ്പിഴവ് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതുതായി വിറ്റഴിച്ച കാറുകള്‍ തിരിച്ചു വിളിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നത്. ആരോപണം ശക്തമായതോടെ മാരുതി നടത്തിയ പരിശോധനയില്‍ ബ്രേക്കിംഗ് സംവിധാനത്തില്‍ വീഴ്‌ച വന്നതായി കണ്ടെത്തുകയും ചെയ്‌തു.
ഔദ്യോഗിക സർവീസ് കാമ്പെയ്‌ൻ മുഖേന തകരാറുള്ള കാറുകൾ കണ്ടെത്തി പ്രശ്‌നം വേഗം പരിഹരിക്കാനാണ് മാരുതിയുടെ തീരുമാനം.
പരിശോധന ആവശ്യമായി വരുന്ന വാഹന ഉടമകളെ ഡീലർമാർ മെയ് 14 മുതൽ ബന്ധപ്പെടുന്നതാണ്. തിരിച്ചു വിളിക്കലിൽ ഏതൊക്കെ വാഹനം ഉൾപ്പെട്ടിട്ടുണ്ട് എന്ന് തിരിച്ചറിയാന്‍ ഓൺലൈന്‍ സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.