Subrahmanyam- Anand Mahindra
ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നും വീട്ടില്‍ എത്രനേരം ഭാര്യയെ നോക്കിയിരിക്കാന്‍ സാധിക്കുമെന്നുമുള്ള എല്‍ ആന്റ് ടി ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ജോലിയുടെ അളവിലല്ല ജോലിയുടെ ഗുണനിലവാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര തന്റെ ഭാര്യയെ എത്രനേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ തനിക്കാവുമെന്നും തനിക്കത് ഇഷ്ടമുള്ള കാര്യമാണെന്നും വ്യക്തമാക്കി.
ദില്ലിയില്‍ നടന്ന വീക്ഷിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2025 പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി സമയം സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ തന്നെ തെറ്റാണെന്നും ജോലി സമയം കൂട്ടുന്നതിലല്ല ഗുണനിലവാരത്തിലാണ് കാര്യമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്റെ കമ്പനിയില്‍ സാധിക്കുമായിരുന്നെങ്കില്‍ ഞായറാഴ്ചയും ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് എല്‍ ആന്റ് ടി ചെയര്‍മാന്‍ പറഞ്ഞത്. ചൈനയിലെ പോലെ ആഴ്ചയില്‍ 90 മണിക്കൂര്‍ ആളുകള്‍ ജോലി ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞിരുന്നു.