ടൊയോട്ട ഫോർച്യൂണറിന് കരുത്തനായ എതിരാളി; മഹീന്ദ്ര എക്സ്‌യുവി 700 !
മഹീന്ദ്രയുടെ പ്രീമിയം എസ് യു വി
പ്രീമിയം എസ് യു വി സെഗ്മെന്റില്‍ വെന്നിക്കൊടി പാറിക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നു. മഹീന്ദ്രയുടെ കൊറിയൻ പങ്കാളി സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ ഏറ്റവും പുതിയ മോഡലിനെയാണ് മഹീന്ദ്രയുടെ ലേബലിൽ കമ്പനി പുറത്തിറക്കുന്നത്. ഈ വാഹനത്തിന്റെ ഇന്ത്യൻ പേര് എക്സ്‌യുവി 700 എന്നായിരിക്കുമെന്നാണ് സൂചന. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ എസ് യു വി 2018ലായിരിക്കും മഹീന്ദ്ര ഇന്ത്യന്‍ വിപണിയിലേക്കെത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും വൈ 400 എത്തുകയെന്നാണ് വിവരം. പുതിയ മുന്നിലേയും പിന്നിലേയും ബംപറുകൾ, ബോഡിയുടെ നിറമുള്ള ക്ലാഡിങ്ങുകൾ, പുതിയ ഹെഡ്‌ലാമ്പുകൾ എന്നിങ്ങനെയുള്ള പ്രത്യേകതകളും വാഹനത്തിലുണ്ടായിരിക്കും. ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ എന്നിവയും പുതിയ ഈ വാഹനത്തിലുണ്ടായിരിക്കും. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് പുതിയ എസ് യു വി മത്സരിക്കുക.
പെട്രോൾ ഡീസൽ എന്നീ രണ്ട് വകഭേദങ്ങളിലും ഈ വാഹനം ലഭ്യമായിരിക്കും. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 225 ബിഎച്ചിപി കരുത്തും 349 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 184 ബിഎച്ചിപി കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും വൈ 400ന് എന്നാണ് പ്രതീക്ഷിക്കുന്നത്.