അമേരിക്കൻ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ഡോളറിന് 79.03 രൂപ നൽകണമെന്ന അവസ്ഥയിലാണ് വിനിമയം നടക്കുന്നത്. ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശനിക്ഷേപകർ പിന്മാറുന്നതും പണപ്പെരുപ്പവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
റഷ്യ-യുക്രെയ്ൻ യുദ്ധപശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില ഇനിയും ഉയർന്നാൽ ഈ വർഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 81 വരെയാകാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക വ്യക്തമാക്കുന്നു. നിലവിൽ ആർബിഐയുടെ നടപടികളാണ് രൂപയുടെ മൂല്യത്തെ പിടിച്ചുനിർത്തുന്നത്. എണ്ണവില കുറഞ്ഞാൽ മാത്രമെ ഇന്ത്യയിൽ പണപ്പെരുപ്പ നിരക്ക് പിടിച്ച് നിർത്താൻ സാധിക്കുകയുള്ളു.
ലോകമെങ്ങും പണപ്പെരുപ്പവും അതിനെ തുടർന്നുള്ള പലിശനിരക്ക് ഉയർത്തലുമായി കേന്ദ്രബാങ്കുകൾ മുന്നോട്ട് പോകുമ്പോൾ ഇന്ത്യയ്ക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കാനണ് സാധ്യത.അങ്ങനെയെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യതയേറെയും.