ഹാരിയറിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച 6 സീറ്റർ പ്രീമിയം എസ്‌യുവി ഗ്രാവിറ്റാസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഗ്രാവിറ്റാസിനെ ഡൽഹി ഓട്ടോ എക്സ്‌പോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ബസ്സാർഡ് എന്ന പേരിലാണ് ജനിവ ഓട്ടോ ഷോയിൽ ടാറ്റ ഈ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഗ്രാവിറ്റാസ് എസ്‌യുവിയുടെ വരവ് പിന്നീട് ടാറ്റ പ്രഖ്യാപിക്കുകയായിരുന്നു. ദീപാവലി ഉത്സവ കാലത്തോട് അനുബന്ധിച്ച് വാഹനം വിണിയിലെത്തിയ്ക്കാനാണ് നേരത്തെ ടാറ്റ പദ്ധതിട്ടിരുന്നത് എങ്കിലും കൊവിഡ് 19 പ്രതിസന്ധി തീർത്തതോടെ അവതരണം നീട്ടുകയായിരുന്നു.
കാഴ്ചയിൽ ഹാരിയർ എന്ന് തോന്നുമെങ്കിലും സ്‌പേസും സൗകര്യങ്ങളും കൂടുതൽ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഹാരിയറിനേക്കാൾ ഗ്രാവിറ്റാസിന് ഉയരം കൂടുതൽ തോന്നിക്കും. വലിപ്പമേറിയ അലോയ് വീലുകളാണ് ഇതിൽ പ്രധാന കാരണം. മുന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്പേസ് നൽകുന്നതിനായി വാഹനത്തിന്റെ പിൻഭാഗം ചതുരാകൃതിയിലാണ് ഒരുക്കിയിരിക്കന്നത്. റേഞ്ച് റോവറിന്റെ വേൾഡ് ഒമേഗ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഗ്രാവിറ്റാസും ഒരുക്കിയിരിക്കുന്നത്. ഹാരിയറിനെ അപേക്ഷിച്ച് 60 എംഎം നീളവും, 80 എംഎം വീതിയും ഗ്രാവിറ്റാസിന് കൂടുതലാണ്.
4,661 എംഎം നീളവും 1,894 എംഎം വീതിയും 1,786 എംഎം ഉയരവുമാണ് ഗ്രാവിറ്റാസിനുള്ളത്. 2,741 എംഎം ആണ് വീൽ ബേസ്. ഹാരിയറിനും സമാനമായ വീൽബേസ് തന്നെയാണ് ഉള്ളത്. 170 ബിഎച്ച്‌പി കരുത്തും, 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് കരുത്ത് പകരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിലും, 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഗിയർ ബോക്സിലും വാഹനം ലഭ്യമായിരിക്കും.17 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.