ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അനുനിമിഷം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ സേവന-വേതന തൊഴില്‍ മേഖലകളില്‍ അത് സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ പോലെ അടിസ്ഥാന ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും. വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ജീവിത സൗകര്യങ്ങളോ സര്‍ക്കാര്‍ സേവനങ്ങളോ ഉപയോഗപ്പെടുത്താന്‍ സാധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഐടിയുടെ സ്വാധീനം വ്യക്തമാണ്. ആശയവിനിമയം, ഭരണ നിര്‍വഹണം, വിനോദം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യയായി പ്രയോജനപ്പെടുത്തുന്ന ഐടി ഇന്ന് ഒരു ജീവിത നൈപുണിയായി മാറിയിരിക്കുന്നു. ഫോണില്ലാതെ ജീവിക്കുന്നതിനെ പറ്റി ഇപ്പോള്‍ ആലോചിക്കന് പോലും പറ്റാത്ത അവസ്ഥയാണ്. അത്രയേറെ അവശ്യ വസ്തുവായി മാറിയിരിക്കുന്നു മൊബൈല്‍ ഫോണ്‍. എന്നാല്‍ ഇതിന്റെ ദോഷവശങ്ങളും തീരെ ചെറുതല്ല. ഇതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും നമ്മളില്‍ വന്നു ചേരുന്നു.
കമ്പ്യൂട്ടറിനു മുന്നില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ഇടത്തരക്കാരായ മാതാപിതാക്കള്‍ വരെ തങ്ങളുടെ മക്കള്‍ക്ക് കമ്പ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്കുന്നു. ഫോണും ഇന്റര്‍നെറ്റും കൗമാരക്കാരുടെ/വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. 'ഓഫ്ലൈന്' സൌഹൃദങ്ങളേക്കാള്‍ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന കാലമാണ് ഇന്നത്തേത്. കുട്ടികളില്‍ ഇന്റര്‍നെറ്റ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഐടി മിഷന് നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കേരളീയരാണ്.
കേരളത്തില്‍ മൂന്ന് കോടിയിലധികം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ നാല് കോടിയിലധികമാണ്. പഠനാവശ്യങ്ങള്‍ക്കും റഫറന്‍സിനുമായി കുട്ടികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ മാറിയ കുടുംബവ്യവസ്ഥയില്‍ വീര്‍പ്പുമുട്ടലില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും ആശ്വാസം തേടുന്ന കുരുന്നുകള്‍ ക്രമേണ ഇന്റര്‍നെറ്റിലെ ചതിച്ചുഴികളിലും വെര്‍ച്വല്‍ സൗഹൃദങ്ങളിലും അകപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ ഓണ്‍ലൈന്‍ അഡിക്ഷന് ഒരു മാനസികാരോഗ്യ പ്രശ്നമായി പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സാമൂഹിക പെരുമാറ്റത്തിന് വേണ്ട നിയന്ത്രണങ്ങള്‍, വിലക്കുകള്‍ എന്നിവയൊന്നും പാലിക്കപ്പെടാതെ എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് വ്യക്തി നയിക്കപ്പെടുന്ന 'ഓണ്‍ലൈന്‍ ഡിസ് ഇന്‍ഹിബിഷന്‍' എന്ന മാനസികാവസ്ഥ ഒരു വൈകല്യമായി അനേകം പേരെയാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍ നടത്തിയ ഒരു സര്‍വെ പ്രകാരം എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അന്‍പത്തിരണ്ടു ശതമാനം കുട്ടികളും ദിനം പ്രതി അഞ്ചു മണിക്കൂറില്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ പ്രശസ്ത ആന്റി വൈറസ് കമ്പനിയായ 'മെക് അഫീ' ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയുടെ കണക്കു പ്രകാരം, കുട്ടികള്‍ പതിമൂന്ന് വയസ്സാകുമ്പോഴേക്കും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നുയെന്നും ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നുമാണ് പറയുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ നാല്‍പ്പത്തിയേഴു ശതമാനം പേര് പരീക്ഷകള്‍ക്കും മറ്റുമായി ഓണ്‍ലൈന്‍ വഴി വിവരം ശേഖരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടി വരികയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.
കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗത്തെക്കുറിച്ച് 75 ശതമാനം രക്ഷിതാക്കള്‍ക്കും അറിവില്ലെന്നാണ് മുകളിലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 79 ശതമാനം രക്ഷിതാക്കളും കുട്ടികളെ വിശ്വസിക്കുന്നവരുമാണ്. കമ്പ്യൂട്ടറില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള സാങ്കേതിക വിവരം 61 ശതമാനം രക്ഷിതാക്കള്‍ക്കുമില്ല. 53 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ നിരീക്ഷിക്കാന്‍ നേരമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.പ്രൈവസി സെറ്റിംഗുകള്‍ ഇഷ്ടപ്രകാരം സെറ്റ് ചെയ്തും ബ്രൗസിംഗ് ഹിസ്റ്ററി മായ്ച്ച് കളഞ്ഞും വ്യാജ അക്കൗണ്ടും ഐ ഡിയും ഉപയോഗിച്ചുമാണ് കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതും കുട്ടികളെ നിരീക്ഷിക്കാന്‍ സമയം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
ദിവസത്തില്‍ ആറുമണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗം, അമിത ദേഷ്യം, ആക്രമണ സ്വഭാവം, സൈക്കോസിസ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പല ഡോക്ടര്‍മാരും പറയുന്നത്. ഇത്തരക്കാരില്‍ ആത്മവിശ്വാസക്കുറവും അമിതമായ പരാജയഭീതിയും നിമിത്തം സാമൂഹികബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടുകയും മാനസികാശ്വാസവും പിന്തുണയും ലഭിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കൂടുതല്‍ വ്യാപരിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായ മൊബൈല്‍ഫോണ്‍ ഉപയോഗം നിരാശയിലേക്കു നയിക്കുമെന്നാണു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ലഹരി വസ്തുക്കളില്ലാതെ പിടിച്ചു നില്ക്കാന് കഴിയാത്തവരെ പോലെ തന്നെയാണു ഫോണില്ലാതെ അഞ്ചു മിനിറ്റ് പോലും ഇരിക്കാന്‍ കഴിയാത്തവരും. മനുഷ്യന് പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണെന്നു ചെറിയ ക്ലാസുകളിള്‍ നമ്മള് പഠിക്കുന്നുണ്ട്. എന്നാല്‍, മാറുന്ന ലോകത്തില്‍ സമൂഹത്തില്‍ മറ്റുള്ളവരുമായി ഇടപെടാനറിയാത്ത ഒരു തലമുറയാണു വളര്‍ന്നു വരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്ക് നല്ല വഴികാട്ടികളാവാന്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അതിലെ ചതിക്കുഴികളും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.