ഒരു ലക്ഷത്തോളം വില വരുന്ന മൊബൈല്‍ ഫോണ്‍ അബദ്ധത്തില്‍ ഡാമില്‍ വീണു. ഫോണ്‍ കണ്ടെത്താനായി 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഛത്തീസ്ഗഡിലെ കങ്കാര്‍ ജില്ലയിലാണ് സംഭവം നടന്നത്.കോയ്ലിബെഡ ബ്ലോക്ക് പഞ്ചായത്തില്‍ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസ് ആണ് ഇത്തരത്തില്‍ ഫോണ്‍ കണ്ടെത്താനായി ഡാമിലെ വെള്ളം വറ്റിച്ചത്.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഫോണ്‍ ഡാമില്‍ വീണപ്പോള്‍ ആദ്യം നാട്ടുകാരോട് സഹായത്തോടെ മുങ്ങിത്തപ്പിയെങ്കിലും കിട്ടിയില്ല. മൂന്നു ദിവസം എടുത്ത് മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളം പൂര്‍ണമായും അടിച്ചു കളയാനായിരുന്നു ശ്രമം. തിങ്കളാഴ്ച വൈകിട്ട് തുടങ്ങി വ്യാഴാഴ്ച വരെ നിര്‍ത്താതെ വെള്ളം പമ്പ് ചെയ്തു പുറത്തേക്ക് ഒഴുകി. ജലഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് വെള്ളം ഒഴുകുന്നത് തടഞ്ഞത്. 1500 ഓളം ഏക്കര്‍ കൃഷിഭൂമിയില്‍ ജലസേചനത്തിന് ഉപയോഗിക്കേണ്ട വെള്ളമാണ് പാഴായി പോയത്.
വെള്ളം വറ്റിക്കാന്‍ സബ് ഡിവിഷന്‍ ഓഫീസില്‍ നിന്നും തനിക്ക് വാക്കാല്‍ അനുമതി ലഭിച്ചും ഫോണില്‍ ഉണ്ടായിരുന്നത് ഔദ്യോഗികമായ രേഖകളാണെന്നും അതിനാലാണ് താന്‍ ഇതില്‍ ഇതിനായി മുന്നിട്ടിറങ്ങിയതെന്നും രാജേഷ് പറഞ്ഞു.