കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ചൈനയില്‍ വിദ്യാഭ്യാസം ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ് ഈ വിദ്യാര്‍ത്ഥിനി ഇപ്പോള്‍. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും അടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് വുഹാനില്‍ അടക്കം ചൈനയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഏറെയാണ്. ഈ സമയത്ത് ആശങ്കയല്ല, എങ്ങനെയാണ് ഈ വൈറസ് ബാധയെ ഫലപ്രദമായി നേരിടേണ്ടത് എന്നാണ് നോക്കേണ്ടത്.
എന്താണ് കൊറോണ വൈറസ് ?
ഒരുകൂട്ടം വൈറസുകള്‍ ചേരുന്നതാണ് കൊറോണ വൈറസ്. അതിന് സ്വന്തമായി ഒരു നിലനില്‍പ്പില്ലാത്ത വൈറസാണ്. മറ്റ് ജീവികളുടെ കോശത്തില്‍ കടന്നുകയറിയാണ് അവ ജീവിക്കുക. ജനിതകസംവിധാനത്തെ ഹൈജാക്ക് ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള ഈ വൈറസ് അതുകൊണ്ടുതന്നെയാണ് ജീവന് ഭീഷണി ഉയര്‍ത്തുന്നത്. പിന്നീട് സ്വന്തമായി ജീനുകള്‍ നിര്‍മ്മിച്ചെടുക്കാനും കഴിയുന്നതുകൊണ്ടാണ് ഇത് അപകടകാരിയായി മാറുന്നത്.
മനുഷ്യരിലെ ശ്വസന സംവിധാനം തകരാറിലാക്കുകയാണ് ഇത് ചെയ്യുന്നത്. സാധാരണഗതിയിലുള്ള ജലദോഷമാണെന്നുകരുതി കൊറോണ വൈറസ് ബാധയെ മിക്കവരും അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കൊറോണ വൈറസ് ബാധിച്ചാല്‍ ജലദോഷം സുഖപ്പെടുത്താനാകാത്ത രീതിയിലേക്ക് വരും. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും പിന്നീട് മനുഷ്യരിലേക്കുമാണ് വൈറസ് ബാധയുണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അവസ്ഥയും ഉണ്ടാകുന്നു.
കൊറോണ വൈറസ് ബാധ പിന്നീട് സാര്‍സ്, മെര്‍സ് തുടങ്ങിയ ഗുരുതര രോഗാവസ്ഥകള്‍ക്ക് കാരണമാകും.
സാര്‍സ് (SARS) എന്നാല്‍ സിവിയര്‍ അക്യൂട്ട് റസ്‌പിറേറ്ററി സിന്‍ഡ്രോം എന്നതിന്‍റെ ചുരുക്കമാണ്. കൊറോണ വൈറസുകളില്‍ ഏറ്റവും തീവ്രമായ ഒന്നാണിത്. ശ്വാസകോശത്തിനൊപ്പം വൃക്കകളെയും ഇത് ബാധിക്കുന്നു. ദക്ഷിണചൈനയിലാണ് ഈ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മെര്‍സ് (MERS) എന്നാല്‍ മിഡില്‍ ഈസ്‌റ്റ് റസ്‌പിറേറ്ററി സിന്‍ഡ്രോം എന്നതിന്‍റെ ചുരുക്കമാണ്. 2012ല്‍ മിഡില്‍ ഈസ്‌റ്റിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതും വളരെ തീവ്രതയുള്ള വൈറസ് ബാധയാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് ഇത് ഉണ്ടാക്കുന്നത്.
നേരത്തേ മൃഗങ്ങളില്‍ മാത്രം കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിനെയാണ് ഇപ്പോള്‍ മനുഷ്യരില്‍ കണ്ടെത്തിയിരിക്കുന്നത്. മധ്യചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മലയാളികള്‍ ധാരാളമായി എത്താറുള്ള നഗരമാണ് വുഹാന്‍.
കൊറോണ വൈറസ് പകരുന്നതെങ്ങനെ?
കൊറോണ വൈറസ് ബാധിച്ചവരുടെ സ്പര്‍ശനത്തിലൂടെയും സ്രവങ്ങളിലൂടെയും ഇത് പകരാന്‍ സാധ്യത കൂടുതലാണ്. അവരുടെ വിസര്‍ജ്യങ്ങളിലൂടെ പകരാനും ഇടയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാല്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
കൊറോണ വൈറസ് ബാധയുണ്ടായാലുള്ള ലക്ഷണങ്ങള്‍
സാധാരണ രീതിയില്‍, ഈ വൈറസ് ബാധയാണെന്ന് ഒരു രീതിയിലും സംശയിക്കാനിടയില്ലാത്ത രോഗലക്ഷണങ്ങള്‍ ആണെന്നതിനാല്‍ അത് കൂടുതല്‍ അപകടകരമാകുന്നു. കാരണം, ജലദോഷമോ തൊണ്ടവേദനയോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ അത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്. ചൈനയില്‍ മരണസംഖ്യ ഉയരാനുള്ള പ്രധാന കാരണവും അതുതന്നെ.
കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് അസാധാരണമായ ക്ഷീണം അനുഭവപ്പെടാം. പനിയും ജലദോഷവും രണ്ടുമുതല്‍ നാലുദിവസം വരെ നീണ്ടുനില്‍ക്കാം. തൊണ്ടവേദനയും തലവേദനയുമുണ്ടാകാം. പിന്നീട് ഇത് ന്യുമോണിയയായി മാറാനുള്ള സാധ്യതയുമേറെയാണ്. ശ്വാസതടസമുണ്ടാകുന്നതും കൊറോണ വൈറസ് ബാധയുടെ ലക്ഷണമാണ്.
ചികിത്സ
കൊറോണ വൈറസ് ബാധയ്ക്ക് ഇതുവരെ കൃത്യമായ മരുന്നോ വാക്‍സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത. അസുഖലക്ഷണം കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുക. വൈറസ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഡോക്‍ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി ഐസൊലേറ്റഡ് വാര്‍ഡുകളിലേക്ക് ചികിത്സ മാറ്റുന്നതാണ് ഉത്തമം.
മുന്‍കരുതലുകള്‍
മാംസാഹാരം ഉപയോഗിക്കുമ്പോള്‍ അവ നന്നായി വേവിച്ചതിന് ശേഷം മാത്രം കഴിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം ശരീരശുദ്ധിയും ഉറപ്പുവരുത്തുക. ധാരാളം വെള്ളം കുടിക്കണം. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കണം. നല്ല രീതിയിലുള്ള വിശ്രമം ആവശ്യമാണ്.