Webdunia - Bharat's app for daily news and videos

Install App

'കാമം തീർക്കാൻ ഭർത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവൾ ഇത് അർഹിക്കുന്നു'; മലയാളികളുടെ സംസ്കാരത്തിന് യാതോരു മാറ്റവുമില്ല?

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (12:55 IST)
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മാവേലിക്കരയിൽ സിവിൽ പൊലീസ് ഓഫീസറായ സൌമ്യയെ സഹപ്രവർത്തകൻ കൂടിയായ അജാസ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ സാംസ്കാരിക കേരളത്തിന്റെ പ്രതികരണം അറപ്പുളാവാക്കുന്നു. സൌമ്യയെ മോശക്കാരിയാക്കുകയും, അജാസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്യുന്നതാണ് പലരുടേയും കമന്റുകൾ. ഇത്തരം കമന്റുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. 
 
കപടസദാചാരവാദികൾക്ക് മറുപടിയുമായി സന്ദീപ് ദാസ് പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദയാണ് ആദ്യം പാലിക്കേണ്ടതെന്ന് സന്ദീപ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 
 
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: 
 
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയിൽ നടന്നിട്ടുണ്ട്.സിവിൽ പൊലീസ് ഓഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു ! ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് !
 
അതിനുപിന്നാലെ ചില മാദ്ധ്യമങ്ങൾ സൗമ്യയും അജാസും തമ്മിൽ 'അടുപ്പത്തിലായിരുന്നു' എന്നും കൊലപാതകത്തിൻ്റെ കാരണം വ്യക്തിവൈരാഗ്യമാണെന്നും എഴുതി.അതോടെ കൊലപാതകിയെ ന്യായീകരിക്കുന്ന കമൻ്റുകൾ യഥേഷ്ടം വന്നുതുടങ്ങി ! ''കാമം തീർക്കാൻ ഭർത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവൾ ഇത് അർഹിക്കുന്നു'' എന്നാണ് ഒരാൾ എഴുതിയത് !
 
ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങൾ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് ! ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം.പെണ്ണിനെ പ്രതിസ്ഥാനത്തുനിർത്താൻ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികൾ !
 
സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകൾ വളരെയേറെ സങ്കുചിതമാണ്.ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാൻ കഴിയില്ല എന്ന പിന്തിരിപ്പൻ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകൾ ഇവിടെ തകർത്തോടിയിട്ടുണ്ട്.അവനും അവളും സ്നേഹത്തോടെ പരസ്പരം പെരുമാറിയാൽ,അതിനെ 'വഴിവിട്ട' ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്.
 
വിവാഹിതനായ ഒരു പുരുഷന് തൻ്റെ ഒാഫീസിലെ സഹപ്രവർത്തകയോടൊപ്പം സിനിമാ തിയേറ്ററിലും പാർക്കിലുമൊക്കെ ധൈര്യമായി പോകാൻ സാധിക്കുമോ? ഒരിക്കലുമില്ല.അങ്ങനെ ചെയ്യാൻ നമ്മുടെ 'സംസ്കാരം' അനുവദിക്കുന്നില്ല.കല­ർപ്പില്ലാത്ത സൗഹൃദമാണെങ്കിൽപ്പോലും സമൂഹം അതിൽ അവിഹിതം മാത്രമേ കാണുകയുള്ളൂ.
 
എൻ്റെയൊരു തോന്നൽ പറയാം.കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം.പ്രണയമെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുംവിധമുള്ള ഗാഢമായ സൗഹൃദം അവർക്കിടയിൽ ഉണ്ടായിരുന്നിരിക്കാം.അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോൾ സൗമ്യ അടുപ്പത്തിന് ഫുൾസ്റ്റോപ്പിട്ടതാകാം.അതല്ലെങ്കിൽ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.
 
അവർക്കിടയിൽ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും,അത് പറയാൻ സൗമ്യ ജീവിച്ചിരിപ്പില്ല.സൗമ്യയുടെ വേർഷൻ കേൾക്കാനുള്ള അവസരം നമുക്കില്ല.അത് കേൾക്കാനായാൽ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തിൽ മാറിപ്പോയേക്കാം.
 
'ദേവാസുരം' എന്ന സിനിമ കണ്ട പ്രേക്ഷകരെല്ലാം മംഗലശ്ശേരി നീലകണ്ഠനെ നെഞ്ചിലേറ്റുകയും മുണ്ടയ്ക്കൽ ശേഖരനെ വെറുക്കുകയും ചെയ്തുവല്ലോ.സിനിമ നീലകണ്ഠൻ്റെ പക്ഷം പിടിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്.അതേ കഥ ശേഖരൻ്റെ വീക്ഷണകോണിലൂടെ പറഞ്ഞാൽ നീലകണ്ഠനാണ് വില്ലനെന്ന് തോന്നും !
 
മനുഷ്യത്വത്തിൻ്റെ കണികപോലും ഇല്ലാത്ത അജാസ് എന്ന ക്രിമിനലിൻ്റെ പോയിൻ്റ് ഒാഫ് വ്യൂ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.നാം അത് വിഴുങ്ങേണ്ടതുണ്ടോ?
 
ഇനിയിപ്പോൾ സൗമ്യയും അജാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നുതന്നെ ഇരിക്കട്ടെ.എങ്ങനെയാണ് അത് കൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്? സ്വന്തം വീട്ടിലെ പെൺകുട്ടികൾക്ക് ഈ ഗതി വന്നാൽ ന്യായീകരണത്തൊഴിലാളികൾ ഈ രീതിയിൽത്തന്നെ പ്രതികരിക്കുമോ?
 
പ്രണയിനിയെ നിഷ്കരുണം വഞ്ചിച്ച എത്രയെത്ര പുരുഷൻമാരാണ് ഈ നാട്ടിൽ സുഖമായി ജീവിക്കുന്നത് ! അതിൻ്റെ പേരിൽ പെൺകുട്ടികൾ പെട്രോളുമെടുത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ?
 
ഉത്തരേന്ത്യയിലെ ആസിഡ് ആക്രമണങ്ങളുടെ വാർത്തകൾ വായിക്കുമ്പോൾ കേരളത്തിൽ ഇതൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്നു.മലയാളികൾ വിദ്യാസമ്പന്നരാണല്ലോ ! പക്ഷേ മനുഷ്യനെ പച്ചയ്ക്ക് കത്തിക്കാൻ മലയാളികൾക്ക് ഒരു മടിയുമില്ല എന്ന കാര്യം പലവട്ടം തെളിഞ്ഞുകഴിഞ്ഞു.
 
വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണിത്.ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനുവേണ്ടി നിയമിക്കപ്പെട്ട പൊലീസുകാരനാണ് ഇതുപോലൊരു കുറ്റം ചെയ്തത്.അതിൽനിന്നുതന്നെ ഈ വിഷയത്തിൻ്റെ ഗൗരവം തിരിച്ചറിയാനാകും.
 
കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദയാണ് ആദ്യം പാലിക്കേണ്ടത്.മറ്റൊരാൾക്കുകൂടി കുറ്റംചെയ്യാനുള്ള നിശബ്ദപ്രേരണയാണ് അത്തരം പ്രസ്താവനകൾ.
 
'നോ' പറയാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന വസ്തുത പുരുഷൻമാർ പലപ്പോഴും മനസ്സിലാക്കാറില്ല.ഒരു പെൺകുട്ടിയോട് ഒരു പുരുഷന് ഇഷ്ടം തോന്നിയാൽ,അവൾ അയാളെ നിർബന്ധമായും വിവാഹം കഴിക്കണം എന്ന പിടിവാശി വെച്ചുപുലർത്തുന്നവരുണ്ട്.വിവാഹം കച്ചവടമായി മാറുന്ന നാടാണ്.അതുകൊണ്ടുതന്നെ പെൺകുട്ടികൾക്ക് മിക്കപ്പോഴും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകാറില്ല.
 
നമ്മുടെ ആൺകുട്ടികളെ ചെറുപ്പം മുതൽ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഒരു റിലേഷനിൽ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ്.അവരിൽ ഒരാൾക്ക് ആ ബന്ധം തുടരാൻ താത്പര്യമില്ലെങ്കിൽ,അത് അവിടെവെച്ച് അവസാനിപ്പിക്കുക.അല്ലാതെ പുരുഷന് പ്രത്യേക പരിഗണനയൊന്നുമില്ല.അസന്തുഷ്ടിയോടെ ഒന്നിച്ചുനിന്നാലും തീവെച്ച് കൊന്നാലും ഇരുപക്ഷത്തും നഷ്ടങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ.
 
മനഃശാസ്ത്രപരമായ ഒരു പ്രശ്നമാണിത്.പൂർണ്ണമായും തുടച്ചുനീക്കണമെങ്കിൽ കൂട്ടായ പരിശ്രമം ആവശ്യമാണ്.ആ ഉത്തരവാദിത്വത്തിൽനിന്ന് നമുക്കാർക്കും ഒളിച്ചോടാനാവില്ല.
 
എല്ലാം മറക്കാം.മരിച്ച സൗമ്യയ്ക്ക് ഭർത്താവും മൂന്നു കുട്ടികളുമുണ്ട്.ആ കുടുംബത്തിന് ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.ഒരു കുടപോലുമില്ലാതെ അവർ പെരുമഴയത്ത് നിൽക്കുകയാണ്.അവരെ ഒാർത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം