വിനായകന് മികച്ച നടനുള്ള പുരസ്കാരം; തർക്കിച്ച് മന്ത്രിയും ജോയ് മാത്യുവും
മികച്ച നടൻ വിനായകനായത് കൊണ്ട് സൂപ്പർതാരങ്ങൾ വന്നില്ല? - വിവാദമായി മന്ത്രിയുടെ പ്രസ്താവന
Publish Date: Thu, 03 May 2018 (09:24 IST)
Updated Date: Thu, 03 May 2018 (09:28 IST)
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ വിമർശിച്ച് മന്ത്രി എ കെ ബാലൻ. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടിനടന്മാര്‍ അവാര്‍ഡ ദാന ചടങ്ങിൽ പങ്കെടുക്കാത്തതെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
ചൊവ്വാഴ്ച പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി.
അവാര്‍ഡ് ദാന ചടങ്ങിലേക്ക് വിളിക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ജോയി മാത്യു വ്യക്തമാക്കി. ഇതോടെ താൻ പറഞ്ഞതിന്റെ കൂടുതൽ വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തി. ജോയി മാത്യുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ടും പങ്കെടുക്കാത്തവരെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എം.പി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എം.എല്‍.എ.യുമായ കെ.ബി. ഗണേഷ്‌കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല.