അഭിമന്യുവിന്റെ കൊലപാതകം; എസ്ഡിപിഐയുടെ സംസ്ഥാന നേതാക്കളടക്കം 138 പേര്‍ കരുതല്‍ തടങ്കലില്‍
അഭിമന്യുവിന്റെ കൊലപാതകം; എസ്ഡിപിഐയുടെ സംസ്ഥാന നേതാക്കളടക്കം 138 പേര്‍ കരുതല്‍ തടങ്കലില്‍
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയുടെ സംസ്ഥാന- ജില്ലാ നേതാക്കളെയടക്കം കരുതല്‍ തടങ്കലിലെടുത്ത് പൊലീസ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവർത്തിക്കുന്ന138 പേരെയാണ് ഇവർ കരുതല്‍ തടങ്കലിലാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായുള്ളവരാണിവർ.
ഇതിന് മുമ്പ് സമാന സ്വഭാവമുള്ള കേസുകളിൽ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ആലപ്പുഴയിലെ എസ്ഡിപിഐ സ്വാധീന മേഖലകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചേക്കാം എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റടക്കം മൂന്നു പേരെ കരുതല്‍ തടങ്കലില്‍ വച്ചതിനെത്തുടര്‍ന്നു പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി മുഴുവനും ഇന്നലെ ഉച്ച വരെയും ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു നടത്തി. കസ്റ്റഡിയില്‍ എടുത്തവരുടെ പൊന്നാടും മണ്ണഞ്ചേരിയിലുമുള്ള വീടുകളില്‍ പൊലീസ് ഇന്നലെ ഉച്ചയോടെ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നു മൂന്നു പേരെയും ഇന്നലെ വൈകിട്ട് ഏഴോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.