‘നിങ്ങൾ അറിയണം ഈ മനുഷ്യനെ’- മാതൃകയായി കലക്ടർ അനുപമ

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (09:25 IST)
പ്രളയം വന്നപ്പോൾ ജീവൻ പണയംവെച്ചു രക്ഷാപ്രവർത്തനത്തിനിറങ്ങിയ റവന്യൂ ഉദ്യോഗസ്ഥന്റെ ചിത്രമുൾപ്പെടെയുള്ള കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് തൃശൂർ കലക്ടർ അനുപമ ഐ.എ.എസ്. കൊടുങ്ങല്ലൂർ താലൂക്കിലെ തിരുവള്ളൂർ സ്വദേശിയായ മുരുകന്‍ സുഹൃത്തുക്കളോടൊപ്പം ഫൈബർവള്ളത്തിൽ അഞ്ചു ദിവസം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തൃശൂർ,എറണാംകുളം ജില്ലകളിൽനിന്ന് ഇരുനൂറോളം പേരെ മുരുകന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. 
 
ഇതിനു മുൻപും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അനുപമയുടെ കുറിപ്പിനു സമൂഹമാധ്യമങ്ങളിൽ വൻസ്വീകാര്യതയാണു ലഭിക്കുന്നത്.
 
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
 
പേര്: മുരുകൻ, S/O വാസു, തലാശ്ശേരി ഹൌസ്, തിരുവള്ളൂർ, കൊടുങ്ങല്ലൂർ.
 
ഉദ്യോഗം: ക്ലെർക്ക്, LANH17 കൊടുങ്ങല്ലൂർ ഓഫീസ്.
 
ഇത് കൊടുങ്ങല്ലൂർ താലൂക്കിലെ തിരുവള്ളൂർ സ്വദേശിയായ തലാശ്ശേരി വീട്ടിൽ വാസു മകൻ മുരുകൻ. ഇദ്ദേഹം റവന്യു ജീവനക്കാരനും ആഗസ്റ്റ് 15 മുതൽ 19 വരെയുള്ള തീയതികളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ ആയി അദ്ദേഹവും സുഹൃത്തുക്കളായ നാസർ പുന്നക്കൽ, അശോകൻ തലാശ്ശേരി, ജനാർദ്ധനൻ കൈത വളപ്പിൽ എന്നിവർ ഉൾപ്പെട്ട ടീം ഫൈബർ ബോട്ട് അടക്കമുള്ളവ ഉപയോഗിച്ച് ചാലക്കുടി, വടക്കുംപുറം, പട്ടണം, കുഞ്ഞിതൈ, പറയാട്, വടക്കേക്കര ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ നിന്നായി 200 ഓളം പേരുടെ രക്ഷകർ ആയി മാറുകയായിരുന്നു.
 
ക്യാമ്പുകളിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ഇദ്ദേഹം എട്ടു വർഷത്തിലധികം മത്സ്യ ബന്ധന മേഖലയിലുള്ള തന്റെ പ്രവർത്തി പരിചയം ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് ആണ് കൂടുതൽ മുതൽ കൂട്ടാകുക എന്ന് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാണ് ജീവൻ പോലും പണയം വെച്ച് സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തിയത്. ശക്തമായ ഒഴുക്കിൽ ഫൈബർ ബോട്ടിൽ സഞ്ചരിക്കുന്നത് പോലും ദുഷ്കരമായ സാഹചര്യത്തിലും വടമടക്കം ഉപയോഗിച്ച് ചാലക്കുടിയിൽ എത്തി പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയ ശേഷമാണ് അദ്ദേഹവും കൂട്ടരും എറണാകുളം ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങളിൽ രാപ്പകൽ ഇല്ലാതെ വ്യാപൃതൻ ആയത്. ബോട്ടുപയോഗിച്ച് പോസ്റ്റുകളും, മതിലുകളും, വെള്ളത്തിൽ ഒഴുകി നടക്കുന്ന വാഹനങ്ങളും മറി കടന്ന് വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും എത്തിപ്പെടുന്നത് പോലെ തന്നെ ബോട്ടുകളിൽ കയറാൻ കെട്ടിടങ്ങളിൽ അകപ്പെട്ടവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതും ശ്രമകരം ആയിരുന്നു എന്നും വിജയകരമായി ഉദ്ധ്യമം പൂർത്തിയാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
കഴിഞ്ഞ ഓഖി ചുഴലി കാറ്റിൽ സ്വന്തം വീട് പോലും കടൽ എടുത്തു പോയ ഈ മനുഷ്യസ്നേഹി ഇതിനു മുൻപും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തിയാണ്.
 
നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സ്നേഹാദരങ്ങൾ എറ്റു വാങ്ങിയ ശേഷം നിലവിൽ 
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കൊടുങ്ങല്ലൂർ താലൂക്കിലെ കളക്ഷൻ & ഡിസ്ട്രിബൂഷൻ പോയന്റിൽ ജോലി ചെയ്തു വരുന്ന ഇദ്ദേഹം 1998 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയി സർക്കാർ സർവീസ് ആരംഭിച്ച വ്യക്തിയാണ്.
 
വീട്ടമ്മയായ പത്നി രാജി, വിദ്യാർത്ഥികളായ ഷർമിഷ്ട, ശരണ്യ എന്നിവർ അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കേരളത്തിന്റെ പുനർനിർമാണത്തിൽ ഒപ്പമുണ്ട്: മോഹൻലാലിനോട് പ്രധാനമന്ത്രി