Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പതിനെട്ടാം പടി ചവിട്ടും, മൗലികാവകാശങ്ങൾ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി പ്ഭാ, പുല്ലേ എന്ന് ഉച്ചത്തിൽ പറയും'

'ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പതിനെട്ടാം പടി ചവിട്ടും, മൗലികാവകാശങ്ങൾ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി പ്ഭാ, പുല്ലേ എന്ന് ഉച്ചത്തിൽ പറയും'

'ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പതിനെട്ടാം പടി ചവിട്ടും, മൗലികാവകാശങ്ങൾ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി പ്ഭാ, പുല്ലേ എന്ന് ഉച്ചത്തിൽ പറയും'
, ഞായര്‍, 4 നവം‌ബര്‍ 2018 (09:49 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പി എംപിയും നടനുമായ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്ഥാവന ഏറെ ചർച്ചയായിരുന്നു. 'സ്ത്രീകൾക്ക് മാത്രമായി ഒരു ശബരിമല' എന്ന സുരേഷ് ഗോപിയുടെ ആശയത്തെ എതിർത്ത് നിരവധിപേർ രംഗത്തെത്തിയിയിരുന്നു. എന്നാൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്  എഴുത്തുകാരിയും സോഷ്യല്‍ മീഡിയയില്‍ പ്രമുഖയുമായ ആശ സൂസന്റെ പോസ്‌റ്റാണ്. സ്ത്രീകള്‍ ഇന്നല്ലെങ്കില്‍ നാളെ ശബരിമല ചവിട്ടുമെന്നാണ് ആശ കുറിപ്പിൽ പറയുന്നത്. 
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
സ്ത്രീകൾക്കു മാത്രമായൊരു ശബരിമല
 
കഴിഞ്ഞ ദിവസം സുരേഷ്ഗോപി ഈ നാട്ടിലെ സ്ത്രീകൾക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിർമ്മിച്ചു കൊടുക്കുമെന്ന്. തുടർഭാഗങ്ങളിൽ സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്‌മാണ്ഡ പ്ലാനുകൾ അതിനോട് ചേർന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിർമ്മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്‍റെ അവസാനം കൂട്ടിച്ചേർത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തിൽ സാധിച്ചില്ലേല്‍ പുനർജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചുക്കാൻ പിടിക്കുന്ന ഒരു പാർലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോർത്തു പോയി എന്നതാണ് സത്യം.
 
മിസ്റ്റർ സുരേഷ് ഗോപി, താങ്കളോട് ഞാൻ എന്‍റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. ക്രൈസ്തവ പാരമ്പര്യമുള്ള എന്‍റെ വീട്ടിൽ നേർച്ച നടത്തുക പതിവാണ്. അതിൽ പൈതങ്ങളുടെ നേര്‍ച്ച എന്നൊന്നുണ്ട്. വൈദികൻ വന്നു പ്രാർത്ഥന ചൊല്ലി പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ നിലത്തിലയിട്ട് അവർക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഏർപ്പാട്. വീട്ടിലെ ആൺകുട്ടികൾ ഇരിക്കുന്നതു കണ്ടു പെൺകുട്ടിയായ ഞാനും ഓടിക്കേറി അവർക്കിടയിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ മുതിർന്നവർ അത് വിലക്കി. വീണ്ടും ഇരിക്കാനായി വാശി പിടിച്ചപ്പോൾ അപ്പൻ പറഞ്ഞു, ഏട്ടൻ കഴിക്കുന്ന അതേ ഭക്ഷണം കുട്ടിക്കു മേശപ്പുറത്തു വെച്ച് ചില്ലിന്‍റെ പ്ളേറ്റിൽ വിളമ്പിത്തരാല്ലോ, എന്തിനാ ഇത്ര ബുദ്ധിമുട്ടി വളഞ്ഞു കൂടി നിലത്തിരുന്നു കഴിക്കുന്നതെന്ന്. കേട്ടപ്പോൾ ശരിയെന്നു തോന്നി, ഊണ്മേശക്കരികിലേക്ക് ഓടി. അന്നത്തെ ചിന്ത രണ്ടും ഒരേ ഭക്ഷണം, രണ്ടും ഉണ്ടാക്കിയത് അമ്മ. അപ്പോ പിന്നെ എവിടെ ഇരുന്നു കഴിച്ചാലെന്താ എന്നതായിരുന്നു.
 
പക്ഷേ ഇന്നെനിക്കറിയാം, അന്നു നിഷേധിക്കപ്പെട്ടത് സമത്വം എന്ന എന്‍റെ അവകാശമാണ്. അവരുടെ കൂടെ ഇരുന്ന ഞാന്‍ എണീറ്റു പോരേണ്ടി വന്നത് ഞാൻ ആഗ്രഹിക്കാതെ എനിക്ക് കിട്ടിയ ജെന്‍ഡറിന്‍റെ പേരിലാണ്, അതേ സമയം ആൾക്കൂട്ടത്തിനു നടുവിൽ ഇരിക്കാൻ എന്‍റെ ഏട്ടന് അവസരം കിട്ടിയതും അതേ ജെന്‍ഡര്‍ കാരണം തന്നെയാണ്. ഇന്നെനിക്കറിയാം, ഏട്ടൻ ഇരുന്നത് നിലത്താണെങ്കിലും, കഴിച്ചത് ഇലയിലാണെങ്കിലും പൊക്കത്തിൽ ഇരുന്ന എന്നേക്കാളും പ്രാധാന്യം ആ ചടങ്ങിൽ ഏട്ടനായിരുന്നൂന്ന്.
 
താഴ്ന്ന ജാതിക്കാർ കയറിയാൽ അമ്പലം അശുദ്ധിയാവുമെന്നും ദേവന് അത് ഇഷ്ടമല്ലെന്നും പറഞ്ഞ പഴയ ബ്രാഹ്മണ മേൽക്കോയ്മയുടെ ബാക്കിപത്രമാണ് യുവതിയായതു കൊണ്ട് നീ പ്രവേശിച്ചാൽ അവിടം അശുദ്ധിയാവുമെന്നും പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ലെന്നും പറയുന്നത്. സർവ്വ പ്രിവിലേജിന്‍റെയും മുകളിലിരിക്കുന്ന താങ്കളെപ്പോലുള്ളവർക്ക് നെഞ്ചത്തു കൈ വെച്ച് ഒരു പാട് വിനയം കോരി ചൊരിഞ്ഞു നമുക്ക് സമാധാനത്തിന്‍റെ വഴിയേ പോവാം, നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാതെ നോക്കാം എന്നൊക്കെ പറയാൻ എളുപ്പമാണ്, അടി കിട്ടിയവനേ ആ വേദന അറിയൂ. കിട്ടാത്തവനു സാരമില്ല, പോട്ടെന്നു പറയാൻ ഒറ്റ നിമിഷം കൊണ്ട് പറ്റും.
 
പുലയപ്പിള്ളേർക്ക് പഠിക്കാൻ വേറെ ചാള കെട്ടികൊടുക്കാമെന്നു പറഞ്ഞ താങ്കളുടെ ശബ്ദമുള്ള പ്രമാണിമാരുടെ നിലം ഒന്നര കൊല്ലം കൃഷിചെയ്യാതെ സമരം ചെയ്താണ് ഒപ്പമിരുന്നു പഠിക്കാനുള്ള അവകാശം നേടിയെത്തത്, അല്ലാതെ സമാധാനത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാമെന്നു പറഞ്ഞ് ഏമാന്മാർ കനിഞ്ഞു നൽകിയതല്ല. അതുകൊണ്ട് ഏമാൻ ശബരിമല ക്ഷേത്രത്തിനു പകരം ഒന്നല്ല, ഒൻപതു മല തന്നെ ഉണ്ടാക്കിത്തന്നാലും നിഷേധിക്കപ്പെടുന്ന നീതിയ്ക്കു പകരമാവില്ലതെന്നറിയുക.
 
"ന സ്ത്രീ സ്വാതന്ത്രമർഹതി" എന്നു പറഞ്ഞിരുന്ന മനുസ്‌മൃതി കത്തിച്ചതും രാജ്യത്തിലെ സർവ്വ മനുഷ്യർക്കും തുല്യ നീതിയും തുല്യ പരിഗണയും ഉറപ്പു നൽകുന്ന ഭരണഘടന നിലവിൽ വന്നതും താങ്കളും താങ്കൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയും ഇനിയും അറിഞ്ഞിട്ടില്ലെങ്കിൽ അതൊന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒന്നു കൂടി ഉറപ്പിച്ചു പറയട്ടെ, സർവ്വ മനുഷ്യർ എന്നാൽ പുരുഷൻ മാത്രമല്ല, ലിംഗഭേദമന്യേ സർവ്വരും ഉൾപ്പെടും. ഒരിടത്തു കയറണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, പക്ഷേ കയറരുതെന്നു പറയാൻ രണ്ടാമതൊരാൾക്കവകാശമില്ല. കഴിക്കണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, കഴിക്കരുതെന്ന് കൽപ്പിക്കാൻ നിങ്ങൾക്കവകാശമില്ല. അവിശ്വാസിയാണോ, വിശ്വാസിയാണോ യഥാർത്ഥ വിശ്വാസിയാണോ, വൃതം നോക്കിയോ ഇല്ലയോ എന്നതൊക്കെ ആയാളും സോ കോൾഡ് ദൈവവും തമ്മിലുള്ള കാര്യമാണ്, ഒരാളുടെ വിശ്വാസത്തിന്‍റെയും വൃതത്തിന്‍റെയും അളവ്കോൽ നിങ്ങളുടെ കയ്യിലല്ല, പരിശോധിക്കാനും തടയാനും നിങ്ങൾക്കു യാതൊരു അധികാരവുമില്ല.
 
പെണ്ണിനു വിദ്യ നേടാൻ അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാൻ അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്‍റെ മുന്നിൽ മടിക്കുത്തഴിക്കേണ്ട ഗതികേടിൽ നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഈ ഈ പതിനെട്ടു പടികളും ഞങ്ങള്‍ ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യും. ഞങ്ങളുടെ മൌലികാവകാശങ്ങളെ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി ഞങ്ങൾ ഉച്ചത്തിൽ പറയും, പ്ഭാ, പുല്ലേ!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സംഘപരിവാർ; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്, വനിതാ പൊലീസിനെ വിന്യസിച്ചേക്കും