Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീതം പോലെ ഒരു ജീവിതം; വയലിനിൽ വിസ്‌മയങ്ങൾ തീർക്കാൻ ഇനി ബാലുവില്ല!

അണയാത്ത 'ഉദയസൂര്യൻ'; സംഗീതം പോലെ ബാലുവിന്റെ ജീവിതം!

സംഗീതം പോലെ ഒരു ജീവിതം; വയലിനിൽ വിസ്‌മയങ്ങൾ തീർക്കാൻ ഇനി ബാലുവില്ല!
തിരുവനന്തപുരം , ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (10:17 IST)
സംഗീത ലോകത്തിന് തീരാനഷ്‌ടം സമ്മാനിച്ചാണ് വയലിനിസ്‌റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കർ വിടപറഞ്ഞത്. കൊഞ്ചിച്ച് കൊതി തീരും മുമ്പേ ഒന്നരവയസ്സുകാരിയായ മകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ബാലുവിനെയും മരണം കവർന്നത്. തന്റെ പതിനേഴാമത്തെ വയസ്സിൽ സിനിമയിൽ സാന്നിധ്യം അറിയിച്ചിരുന്നെങ്കിലും അതിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ബാലു ആഗ്രഹിച്ചിരുന്നില്ല.
 
ബാലുവിന് പാരമ്പര്യമായി സംഗീതം ലഭിച്ചത് മുത്തച്ഛൻ നാഗസ്വര വിദ്വാൻ ഭാസ്കര പണിക്കരിൽ നിന്നാണെങ്കിലും ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി ശശികുമാറാണ് വയലിന്റെ ആദ്യപാഠങ്ങള്‍ ബാലുവിലേക്ക് പകര്‍ന്നു നല്‍കിയത്. വല്ല്യമ്മാവനില്‍ നിന്ന് മൂന്നു വയസു മുതല്‍ ബാലു വയലിന്‍ പഠിച്ചിരുന്നു. സംഗീതത്തിന് വേണ്ടി മാത്രമായി മാറ്റിവെച്ച ജീവിതം. പത്താം ക്ലാസുവരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസം.
 
ഇന്ത്യയിലെ തന്നെ മികച്ച വയലിനിസ്‌റ്റുകളിൽ ഒരാളായിരുന്നെങ്കിലും പണത്തിനും പ്രശസ്‌തിക്കും പിറകേ പോയിരുന്നില്ല.വിട്ടുവീഴ്‌ചകൾക്കൊന്നും തയ്യാറാകാതെ തനിക്ക് കിട്ടിയ സംഗീത മികവിലൂടെ സ്വന്തമായ വഴിയേ സഞ്ചരിച്ച് പ്രശസ്തിയുടെ കൊടുമുടിയിലെത്തി എ ആര്‍ റഹാമാനെ പോലും അതിശയിപ്പിച്ച അതുല്യ പ്രതിഭയായി.
 
1978 ജൂലൈ 10നാണ് ബാലഭാസ്‌ക്കറിന്റെ ജനനം. അമ്മയുടെ അച്ഛൻ ഭാസ്‌കരപ്പണിക്കര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. ബാലുവും സംഗീതലോകത്ത് ചുവടുറപ്പിക്കും എന്ന ഉത്തമ ബോധ്യം കുടുംബത്തിനുണ്ടായിരുന്നതുകൊണ്ടുതന്നെ മുത്തച്ഛന്റെ പേര് ചേര്‍ത്ത് ബാലഭാസ്‌ക്കര്‍ എന്ന പേരുമിട്ടു.
 
പതിനേഴാം വയസ്സിൽ അതായത് പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്‌ക്കായി ആറ് പാട്ടുകൾ ബാലു കമ്പോസ്‌ ചെയ്‌തത്. ‘കണ്ണാടിക്കടവത്ത്’ ആയിരുന്നു അദ്ദേഹം രണ്ടാമതായി സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം. പത്തു വര്‍ഷത്തിനു ശേഷം രാജീവ്‌നാഥിന്റെ ‘മോക്ഷം’ എന്ന സിനിമയ്ക്കായി ഈണമൊരുക്കി.രാജീവ് അഞ്ചലിന്റെ ‘പാട്ടിന്റെ പാലാഴി’യിൽ പശ്ചാത്തല സംഗീതം ഒരുക്കിയതിനു പുറമെ അഭിനയിക്കുകയും ചെയ്തു.
 
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സ്വന്തമായൊരു മ്യൂസിക് ബാൻഡ് തുടങ്ങി. ‘കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിനെ ചുരിക്കി ‘കണ്‍ഫ്യൂഷന്‍’ എന്ന പേരും ഇട്ടു. നിരവധി ഹിറ്റുകളിലൂടെ ജനഹൃദയങ്ങളിലേക്ക് ഈ ബാൻഡ് ഇറങ്ങിച്ചെന്നു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന ഗാനം വമ്പന്‍ ഹിറ്റാകുകയും ചെയ്‌തു.
 
പിന്നീട് കാലം മാറുന്നതിനൊപ്പം ബാലുവും മാറി. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരു വിരുന്നായി ജനങ്ങളിലേക്ക് എത്തിച്ചു. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത് ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിന്‍ ഈണമിട്ടു. ക്യാമ്പസിലെ പ്രണയത്തിനൊടുവിൽ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്‌ക്കർ ലക്ഷ്‌മിയെ വിവാഹം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിയുടേത് ഒരു കൊലപാതകം?- സിബിഐയ്ക്ക് മൊഴി നൽകുമെന്ന് വിനയൻ