കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവാർത്ത കണ്ണീരോടെയാണ് കേരളം കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അപകടത്തിൽ മകൾ തേജസ്വിനി നേരത്തേ മരിച്ചിരുന്നു.
നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനകളുടെയും ഫലമായാണ് ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത്. എന്നാൽ, ലാളിച്ച് കൊതിതീരും മുൻപേ മകളെ വിധി തിരികെ വിളിച്ചു. പിന്നാലെ ബാലഭാസ്കറിനേയും. ബാലുവിന്റേയും മകളുടെയും ഓർമകളുമായി ലക്ഷ്മി തനിച്ചായി.
ലക്ഷ്മിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. 2000 ലാണ് ബാലഭാസ്‌കര്‍ യൂണിവേഴ്സിറ്റി കോളജില്‍ സഹപാഠി കൂടിയായിരുന്ന ലക്ഷ്മിയെ വിവാഹം കഴിച്ചത്. ഏറെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനു ശേഷം 2016-ലാണ് തേജസ്വിനി പിറക്കുന്നത്. മകളുടെ പേരിലുള്ള വഴിപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്.