Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19; 'ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത്'- ശ്രീനിവാസനോട് ഡോ. ജിനേഷ്

കൊവിഡ് 19; 'ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത്'- ശ്രീനിവാസനോട് ഡോ. ജിനേഷ്

അനു മുരളി

, ചൊവ്വ, 7 ഏപ്രില്‍ 2020 (14:42 IST)
കഴിഞ്ഞ കുറച്ച് കാലങ്ങളായി ജൈവകൃഷിയുടെ പിന്നാലെയാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കൊവിഡ് 19നെതിരെ സർക്കാരും ജനങ്ങളും ആരോഗ്യപ്രവർത്തകരും പൊരുതുന്ന ഈ സമയത്ത് ശ്രീനിവാസൻ മാധ്യമത്തിൽ ഒരു ലേഖനമെഴുതിയിരുന്നു. ഇതിലെ ഒരു പ്രസ്താവന വിവാദമാകുന്നു.
 
വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞുവെന്ന പരാമർശത്തിനെതിരെ ഡോ. ജിനേഷ് പി എസ് എഴുതിയ പോസ്റ്റ് വൈറലാകുന്നു. അസംബന്ധങ്ങൾ വിളിച്ച് പറഞ്ഞ് ജനങ്ങളെ വീണ്ടും വീണ്ടും മണ്ടന്മാർ ആക്കരുതെന്ന് ജിനേഷ് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
 
പ്രിയപ്പെട്ട ശ്രീനിവാസൻ,
 
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താങ്കളാണ്. എന്നെപ്പോലെ നിരവധി കുറവുകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അഭ്രപാളികളിൽ രേഖപ്പെടുത്തിയ നടനാണ് താങ്കൾ.
 
പക്ഷേ നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യ.
 
വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അടക്കം പറഞ്ഞു എന്നാണ് നിങ്ങൾ മാധ്യമം പത്രത്തിൽ എഴുതിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
 
സുഹൃത്തേ, വൈറ്റമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും എന്ന്, അങ്ങനെ വൈറസ് നശിക്കുമെന്ന്... ഇതൊക്കെ നിങ്ങളോട് ആരു പറഞ്ഞു തന്നതാണ് ???
 
പരിയാരം മെഡിക്കൽ കോളജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജ സന്ദേശം. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ എസ് എം അഷ്റഫിന്റെ പേരിലിറങ്ങിയ വ്യാജസന്ദേശം... ഇതിനെതിരെ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്തു കഴിഞ്ഞു എന്ന വാർത്ത വായിച്ചിരുന്നു. അതാണോ താങ്കൾ കേട്ടത് ???
 
മുൻപൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തി ആണ് നിങ്ങൾ. എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങൾ.
 
ആ നിങ്ങളാണ് ഇപ്പോൾ വീണ്ടും വ്യാജപ്രചരണങ്ങൾ നടത്തുന്നത്.
 
ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോഴാണ് നിങ്ങളെ പോലെ ഒരാൾ മണ്ടത്തരങ്ങൾ പറയുന്നത്. കഷ്ടമാണ് കേട്ടോ...
 
നിങ്ങൾക്ക് അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേ ? നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല. ആരോഗ്യ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായം ചോദിച്ച മാധ്യമം പത്രത്തോടാണ് പറയേണ്ടത്. എവിടെയാണ് നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം എന്ന് അറിഞ്ഞാൽ കൊള്ളാം.
 
ജനങ്ങളോട്,
 
ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുത്.
 
വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വൈറ്റമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുത്. എന്ത് ഭക്ഷണം കഴിക്കണം എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇതൊക്കെ വിശ്വസിച്ച്, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചാൽ പണി വാങ്ങും. അപ്പോൾ ശ്രീനിവാസൻ കൂടെ കാണില്ല എന്നുമാത്രമേ പറയാനുള്ളൂ.
 
തനിക്ക് അസുഖം വരുമ്പോൾ ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ സ്വീകരിക്കുന്ന ഒരാൾ ജനങ്ങളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കരുത് എന്ന് ഒരിക്കൽ കൂടി പറയാതെ വയ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ മരുന്ന് എങ്ങനെയാണ് 'നിങ്ങള്‍ക്കുള്ള'താകുന്നത് മിസ്റ്റര്‍ പ്രസിഡന്‍റ് ? - ട്രം‌പിനെ രൂക്ഷമായി വിമര്‍ശിച്ച് തരൂര്‍