'എൻ മകനേ... നാൻ പെറ്റ മകനേ എന്ന നെഞ്ചു പൊട്ടിയുള്ള ഒരമ്മയുടെ കരച്ചിൽ മറക്കരുത്'
'നിയമപരമായി പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പോലുള്ള തീവ്രവാദസംഘടനകളെ നിരോധിക്കാനായി ഒരു ജനാധിപത്യ മതേതരസമൂഹം ഉണരേണ്ടിയിരിക്കുന്നു': ദീപാ നിശാന്ത്
അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധമറിയിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. 'നിയമപരമായി പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പോലുള്ള തീവ്രവാദസംഘടനകളെ നിരോധിക്കാനായി ഒരു ജനാധിപത്യ മതേതരസമൂഹം ഉണരേണ്ടിയിരിക്കുന്നു' എന്ന് ദീപാ നിശാന്ത് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
വട്ടവടയിൽ നിന്നും മഹാരാജാസിലേക്ക് കുറേ ദൂരമുണ്ട് ചെന്നായ്ക്കളേ.....
നിങ്ങളുടെ അളവുകോലുകൾക്കൊന്നും ആ ദൂരമളക്കാനാവില്ല...
പട്ടിണിയുടെ,സഹനത്തിന്റെ, അതിജീവനത്തിന്റെ, പാർശ്വവത്കരണത്തിന്റെ, ഒരൊറ്റമുറി വീടിന്റെ മഹാദൂരങ്ങൾ താണ്ടിയാവും അവൻ മഹാരാജാസിലെത്തിയിട്ടുണ്ടാവുക!
ഇരുപത് വയസ്സുള്ള ഒരു കുട്ടിയുടെ നെഞ്ചിലേക്ക് കത്തികുത്തിയിറക്കിയ പൈശാചിക കൃത്യത്തെപ്പറ്റി പറയുമ്പോൾ 'ക്യാംപസ് രാഷ്ട്രീയത്തിൻ്റെ ദൂഷ്യഫലങ്ങളെപ്പറ്റി 'ഒന്നരപ്പേജുപന്യസിക്കാനിരിക്കുന്ന നിഷ്കളങ്കമാനസരോട് എനിക്കൊന്നും പറയാനില്ല. രാഷ്ട്രീയമല്ല ഇവിടെ വിഷയം. ചുമരെഴുത്തിനെ തുടർന്നുണ്ടായ പതിവ് അടിപിടിക്കേസുമല്ല ഇത്. കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയ കൊലപാതകമായിത്തന്നെ ഇതിനെ കാണണം.ഇത്തരം ഒരു കൊലപാതകത്തിലൂടെ സമൂഹത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞാൽ സംഗതി എളുപ്പമാണ്. രാഷ്ട്രീയനിരോധനത്തിനായി പൊതുസമൂഹം മുന്നിട്ടിറങ്ങും.രാഷ്ട്രീയം നിരോധിച്ചാൽ മതതീവ്രവാദികൾക്ക് ക്യാംപസിൽ വിഹരിക്കാം. ഒരാളും ചോദിക്കാനുണ്ടാകില്ല. തങ്ങളുടെ തീവ്രവാദപ്രവർത്തനങ്ങൾക്ക് 'ക്യാംപസ് റിക്രൂട്ട്മെൻ്റി'ലൂടെ ആളെയിറക്കാം.
നിരോധിക്കേണ്ടത് രാഷ്ട്രീയമല്ല! മതതീവ്രവാദികളെയാണ്. അത്തരം തീവ്രവാദത്തിനുള്ള റിക്രൂട്ടിംഗ് ഏജൻസി കളായി ക്യാംപസുകളെ വിട്ടുകൊടുക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ട സമയമാണിത്. വർഗ്ഗീയവാദികളെയും തീവ്രവാദികളെയും നിരാകരിച്ചു കൊണ്ടാണ് ക്യാംപസ് മുന്നോട്ടു പോകേണ്ടത്. തീവ്രവാദം ഹിന്ദുവിൻ്റേതായാലും മുസ്ലീമിൻ്റേതായാലും തീവ്രവാദം തന്നെയാണ്. അതിന് വലുപ്പച്ചെറുപ്പമില്ല.
" എൻ മകനേ... നാൻ പെറ്റ മകനേ " എന്ന നെഞ്ചു പൊട്ടിയുള്ള ഒരമ്മയുടെ കരച്ചിൽ മറക്കരുത്...
പ്രതീക്ഷയറ്റ്, കാണുന്നവരോടൊക്കെ ആവലാതിപറഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ ആരുടെയോ തോളിൽ മുഖം ചേർത്ത് ദീനമായി കരഞ്ഞ് നടന്നു നീങ്ങുന്ന ആ അച്ഛനെ മറക്കരുത്...
ഒരിക്കൽ പോലും പതറരുത്... എതിരാളികളെ ആയുധം കൊണ്ട് നേരിടരുത്...
ഇനിയൊരു അഭിമന്യു കൂട്ടത്തിൽ നിന്നും ഉണ്ടാകാതിരിക്കാൻ അസാമാന്യമായ പക്വത കാട്ടണം..
നിയമപരമായി പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പോലുള്ള തീവ്രവാദസംഘടനകളെ നിരോധിക്കാനായി ഒരു ജനാധിപത്യ മതേതരസമൂഹം ഉണരേണ്ടിയിരിക്കുന്നു...
അഭിമന്യുവിന് ആദരാഞ്ജലികൾ.....