ക്യാപ്റ്റൻ കൂൾ ധോണിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം ഇന്ത്യക്കാർക്ക് മുഴുവൻ അറിയാവുന്നതാണ്. വിന്റേജ് ബൈക്കുകളുടെയും സൂപ്പർ കാറുകളുടെയുമെല്ലാം വലിയ നിര തന്നെ ധോണി സ്വന്തമാക്കിയിട്ടുണ്ട്. ജീപ്പിന്റെ ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണവും ധോണിക്ക് തന്നെ. ഈ വാഹനവുമായി താരം പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയകുന്നത്.
വാഹനത്തിൽ ധോണിയും ഭാര്യ സാക്ഷിയും ഇരിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് നിലവിൽ ഈ വാഹനം ധോണിയുടെ പക്കൽ മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ ഈ വാഹനം വിൽപ്പനക്കില്ലാത്തതിനാൽ ഇറക്കുമതി ചെയ്താണ് ജീപ്പിന്റെ ഈ കരുത്തനെ ധോണി സ്വന്തമാക്കിയത്. ക്രികറ്റിൽനിന്നും ഇടവേളയെടുത്ത് ധോണി സൈനിക സേവനം നടത്തുന്ന സമയത്താണ് ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്ക് ധോണിയുടെ വാഹന നിരയിലേക്ക് എത്തിച്ചേർന്നത്.
വാഹത്തിന്റെ ചിത്രം നേരത്തെ സാക്ഷി ധോണി സാമൂഹ്യ മധ്യമങ്ങൾവഴി പങ്കുവച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിനെ ജീപ്പ് പുറത്തിറക്കിയത്. ജീപ്പ് നിരയിലെ തന്നെ ഏറ്റവും കരുത്തനായ വാഹനമാണ് ഇത്. 707 ബിഎച്ച്‌പി കരുത്തും 875 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 6.2 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എച്ച്ഇഎംഐ എൻജിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ. വെറും 3.62 സെക്കൻഡിനുള്ളിൽ വാഹനം 100 കിലോമീറ്റർ വേഗത കൈവരിക്കും.