മഗലാപുരം: മദ്യം വാങ്ങുന്നതിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനായുള്ള പ്രാരംഭ ചർച്ചയിലാണ് കർണാടകയിലെ എക്സൈസ് വകുപ്പ്. പൊതു ഇടങ്ങളിൽ മദ്യക്കുപ്പികൾ ഉപേക്ഷിക്കുന്നത് വലിയ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഒരു സന്നദ്ധ സംഘടന നൽകിയ നിർദേശം ഗൗരവമായി പരിഗണിക്കാൻ കർണാടക എക്സൈസ് വകുപ്പ് തീരുമാനിച്ചത്.
മദ്യം വാങ്ങുന്നവരുടെ ആധാർ നമ്പരും, കുപ്പിയിലെ ബാർകോടും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് 'രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ' എന്ന സംഘടന കർണാടക എക്സൈസ് വകുപ്പിന് നിർദേശം നൽകിയത്. ഇതോടെ ഉപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികളിലെ ബാർക്കോട് റീഡ് ചെയ്ത് ഉപേക്ഷിച്ചവരെ കണ്ടെത്താനും പിഴയീടാക്കാനോ, ശിക്ഷിക്കാനോ സാധിക്കും. നിർദേശം നടപ്പിലാക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നു എന്നാണ് സംഘടനക്ക് കർണാടക എക്സൈസ് വകുപ്പ് മറുപടി നൽകിയത്.
കർണാടക എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷ്ണറിൽനിന്നും റിപ്പോർട്ട് തേടുകയും ചെയ്തു. എന്നാൽ പദ്ധതിയെ കുറിച്ച് പ്രാരംഭ ചർച്ചകൾ മാത്രമാണ് നടക്കുന്നത് എന്ന് മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദ്ധതി വിൽപ്പനയെ ബാധിക്കുമോ എന്ന കാര്യങ്ങൾ ഉൾപ്പടെ പരിശോധിച്ച ശേഷമായിരിക്കും നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുക എന്നും, പുതിയ മദ്യം വാങ്ങുമ്പോൾ പഴയ കുപ്പി തിരികെ നൽകുന്ന റീസൈക്ലിംഗ് പദ്ധതിയെക്കുറിച്ചും എക്സൈസ് ആലോചിക്കുന്നതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.