‘വാപ്പച്ചിയുടെ രണ്ടാം വിവാഹത്തിന് പെണ്ണ് കാണാൻ കൂടെ പോയിട്ടുണ്ട്’- അറിഞ്ഞതിലും ആഴമേറിയതാണ് ഹനാന്റെ ജീവിതം
ഒരു വിവാഹം കഴിക്കണമെന്ന വാപ്പച്ചിയുടെ ആഗ്രഹത്തെ വേണ്ടെന്ന് പറയാൻ എനിക്കെങ്ങനെ കഴിയും?
ഹനാനെ മലയാളികൾ അത്രപെട്ടന്ന് മറക്കാനിടയില്ല. തകർന്നുപോയിടത്തു നിന്നും പ്രതീക്ഷകളും സ്വപ്നങ്ങളും വാരിപ്പിടിച്ച് ചെറുപ്രായത്തിൽ തന്നെ ജീവിതം പടുത്തുയർത്താൻ തന്നാലാകുന്ന എല്ലാ ജോലികളും ചെയ്യുന്ന പെൺകുട്ടിയാണ് ഹനാൻ.
ജീവിതം സമ്മാനിച്ച ദുരിത കടൽ സ്വന്തം അധ്വാനത്തിലൂടെ നീന്തികടന്ന കൊച്ചുമിടുക്കിയാണ് ഹനാൻ. ഉപജീവനത്തിനായി മീൻ കച്ചവടം ചെയ്തത് വാർത്തയാതു മുതലാണ് ഹനാനെ മലയാളികൾ ഏറ്റെടുത്തത്. എന്നാൽ, ഹനാൻ ഒരു വലിയ ‘കള്ള’മാണെന്ന ചില പ്രചരണങ്ങൾ എല്ലാവരും വിശ്വസിച്ചു.
അവളെ വാഴ്ത്തിയവർ തന്നെ അവളെ ചവുട്ടിത്താഴ്ത്താനും തുടങ്ങി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അവളെ വീണ്ടും വാഴ്ത്തി. എന്നാൽ, കേരളം അറിഞ്ഞതു മാത്രമല്ല ഹനാന്റെ ജീവിതം. താൻ എന്തായിരുന്നുവെന്ന് ഹനാൻ തന്നെ വ്യക്തമാക്കുകയാണ്.
സ്വന്തം ബാപ്പച്ചിക്ക് പെണ്ണുകാണാൻ കൂടെപോയ അനുഭവം പറയുകയാണ് ഹനാൻ. കൈരളി ടിവിയിൽ സംപ്രഷണം ചെയ്യുന്ന ജെ ബി ജംഗ്ഷനിലൂടെയാണ് ബാപ്പച്ചിക്ക് പെണ്ണുകാണാൻ പോയ അനുഭവം ഹനാൻ പറഞ്ഞത്.
വർഷങ്ങൾക്ക് ഭാര്യയേയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയതാണ് ഹനാന്റെ ബാപ്പ. ഹനാന്റെ ബാപ്പയുടെ ഉപദ്രവത്തെ തുടർന്നാണ് ഉമ്മ മാനസികമായി തകർന്നത്. ഉമ്മയ്ക്ക് മാനസിക അസ്വാസ്ഥമുണ്ട്. ഉമ്മയുടെ ചികിത്സയ്ക്കും, സഹോദരന്റെ പഠനവും, വീട്ടു ചെലവും തുടങ്ങി വലിയ ഉത്തരവാദിത്തങ്ങളും ഇപ്പോൾ നോക്കിനടത്തുന്നത് ഹനാനാണ്.
തന്റെ ഉമ്മയുമായി പിരിഞ്ഞ ശേഷം ബാപ്പച്ചി രണ്ടാമതൊരു വിവാഹും കഴിക്കാൻ തീരുമാനിച്ചു. താനും സഹോദരനുമാണ് പെണ്ണുകാണാനായി ബാപ്പച്ചിയുടെ കൂടെ പോയത്. തന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയുടെ ബന്ധുവായിരുന്നു പെൺകുട്ടി. എന്നാൽ ഒരു സന്ദർഭത്തിൽ ബാപ്പച്ചി അവരോട് ദേഷ്യപ്പെട്ടതോടെ ആ വിവാഹം മുടങ്ങി. ബാപ്പച്ചി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെണ്ണുകാണാനായി കൂടെ പോയതെന്നും ഹനാൻ പറഞ്ഞു
ബാപ്പയോട് തനിക്ക് യാതൊരു ദേഷ്യവും തോന്നിയിരുന്നില്ലെന്ന് ഹനാൻ പറയുന്നു. പെണ്ണുകാണാൻ കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ ബാപ്പയ്ക്ക് ഒരു കുട്ടിയുണ്ടായാലും ഞാൻ കാണാൻ വരുമെന്ന മറുപടിയാണ് താൻ നൽകിയത്. നാൽപ്പത്തിയൊന്ന് വയസുമാത്രമുള്ള ഒരു മനുഷ്യൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് പറയുന്നതിൽ തെറ്റില്ല. ബാപ്പച്ചി രണ്ടാം വിവാഹം കഴിക്കുന്നതിനോട് തനിക്ക് യാതൊരു എതിർപ്പുമില്ലായിരുന്നുവെന്നും ഹനാൻ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് തന്നെയും സഹോദരനെയും ഉപേക്ഷിച്ചു പോയ ബാപ്പയെ ഒന്ന് നേരിട്ട് കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഹനാൻ പറയുന്നു.