ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതോടെ തന്നെ പണി ആരംഭിച്ചു. ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര ശസ്ത്രലോകം ചർച്ച ചെയ്യുന്നത്. ഐഎസ്ആർഒ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി കഴിഞ്ഞു.
ഓഗസ്റ്റ് 23ന് രാത്രി 7.42ന് ചന്ദ്രയാൻ 2വിലെ ടെറൈൻ മാപ്പിംഗ് ക്യാമറ 2 പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ഉൽക്കകളും മറ്റും പതിച്ചുണ്ടായ വലിയ ഗർത്തങ്ങളുടെ ചിത്രങ്ങളാണ്. ചന്ദ്രോപരിതലത്തിലെ ജാക്സൻ, മിത്ര, മാക്, കൊറോലേവ്, പ്ലാസ്കെറ്റ്, റോസ്ദെസ്റ്റെവെൻസ്കി, സോമർഫെൽഡ്, കിർക്വുഡ്, ഹെർമൈറ്റ് എന്നീ ഗർത്തങ്ങളെ ചിത്രങ്ങളിൽ കാണാം.
437 കിലോമീറ്റർ വ്യാസമുള്ള കൊറോലേവ് ആണ് കൂട്ടത്തിലെ ഏറ്റവും വലിയ ഗർത്തം. 169 കിലോമീറ്റർ വ്യാസമുള്ളതാണ് സൊമെർഫെൽഡ് എന്ന ഗർത്തം ഇതിന് ചുറ്റും ചെറു ഗർത്തങ്ങളും കുന്നുകളും കാണാം. മിത്ര ഗർത്തത്തിന് 92 കിലോമീറ്റർ വ്യാസം ഉണ്ട്. ഉത്തര അർധ ഗോളത്തിലുള്ള ജാക്സൻ ഗാർത്തത്തിന് 71 കിലോമീറ്ററാണ് വ്യാസം.