Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്ലീലം പോലെ അരോജകമാകുന്നു നിങ്ങളുടെ മൌനം, മരപ്പാഴുകളാണെന്ന് തിരിച്ചറിയാന്‍ വൈകി; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ കുറിപ്പ്

അശ്ലീലം പോലെ അരോജകമാകുന്നു നിങ്ങളുടെ മൌനം, മരപ്പാഴുകളാണെന്ന് തിരിച്ചറിയാന്‍ വൈകി; മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ കുറിപ്പ്
, ചൊവ്വ, 17 ഡിസം‌ബര്‍ 2019 (11:08 IST)
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമയിലെ മുൻ‌നിര താരങ്ങളടക്കം രംഗത്തെത്തി. നടി പാർവതിയാണ് ആദ്യമായി പ്രതിഷേധമറിയിച്ചത്. പിന്നാലെ, മറ്റ് താരങ്ങളും ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ബിജെപി ഒഴിച്ച് കേരളം ഒന്നടങ്കം ഈ പ്രതിഷേധത്തിൽ പങ്കെടുക്കുമ്പോഴും സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ മൌനം വിമർശകർ നിരീക്ഷിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
കുറിപ്പ് ഇങ്ങനെ;
 
പ്രിയപ്പെട്ട മമ്മൂക്ക Mammootty, ലാലേട്ടന്‍ Mohanlal…,
 
1) രാജ്യത്തിന്റെ മതേതര ആത്മാവിന് മുറിവേല്‍ക്കുന്ന ഈ ഘട്ടത്തിലാണ് നിങ്ങളുടെ കൂട്ടത്തിലൊരു പെണ്‍കുട്ടി, Parvathy Thiruvothu നട്ടെല്ലിലൂടെ ഒരു ഭീതി അരിച്ചുകയറുന്ന അനുഭവത്തെക്കുറിച്ചു ലോകത്തോട് വേദനയോടെ വിളിച്ചുപറഞ്ഞത്. വയനാട്ടുകാരന്‍ സണ്ണി വെയ്‌നും Sunny Wayne, തമിഴനായ സിദ്ധാര്‍ഥും, തമിഴനായ മുത്തുവേല്‍ കരുണാനിധിയുടെ ചെറുമകന്‍ ഉദയനിധി സ്റ്റാലിനും, ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തെയും മഹാനായ ഇതിഹാസം കമല്‍ ഹാസനടക്കം Kamal Haasan ഈ മഹാരാജ്യത്തിന്റെ ഹൃദയമിടിപ്പിന്റെ വ്യതിയാനമറിയുന്ന മുഴുവന്‍ കലാകാരന്മാരും വെട്ടിവേര്‍പ്പെടുത്താന്‍ പോകുന്ന ഈ രാജ്യത്തിന്റെ ആത്മാവിനുണ്ടാകുന്ന മുറിവിനെക്കുറിച്ചോര്‍ത്ത് വേപഥുപൂണ്ടു. ദുഃഖവും അമര്‍ഷവും പ്രതിഷേധവും വാക്കുകളിലൂടെ കുറിച്ചിട്ടു. ചിലരൊക്കെ പ്രസംഗങ്ങളിലൂടെ ഉറക്കെപ്പറഞ്ഞു.!
 
2) നട്ടെല്ലിലൂടെ ഭയം അരിച്ചുകയറാന്‍ സ്വന്തമായി നട്ടെല്ലുള്ളൊരു കലാകാരി, പാര്‍വതി, നിങ്ങളുടെ മകളാകാന്‍ പ്രായമുള്ളൊരു അഭിനേത്രിയാണല്ലോ. സണ്ണി വെയ്‌നും, സിദ്ധാര്‍ഥുമെല്ലാം സിനിമയിലും ജീവിതത്തിലും, സാമൂഹികാനുഭവങ്ങളിലുമെല്ലാം നിങ്ങളോടു ശിഷ്യപ്പെടാന്‍മാത്രം പ്രായമോ അനുഭവപരിചയമോ മാത്രമുള്ളവരാണ്. പക്ഷേ അവരില്‍ നിന്നും പ്രതീക്ഷിക്കാത്തത്, നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുമ്പോള്‍ ഈ ജനതയ്ക്ക് നിങ്ങള്‍ നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അവരാകട്ടെ, ഈ സമൂഹത്തിന്റെയെല്ലാം പ്രതീക്ഷകള്‍ക്കപ്പുറം നിലപാടുകളിലെ കരളുറപ്പുകൊണ്ട് വളരുകയും ചെയ്തിരിക്കുന്നു.!! ??????
 
3) ഇന്ന്, സുഡാനി ഫ്രം നൈജീരിയ എന്ന മനോഹര സിനിമയുടെ അണിയറക്കാരായ സക്കരിയയും Zakariya Mohammed, മുഹ്‌സിന്‍ പെരാരിയും Muhsin Parari, ഷൈജു ഖാലിദും Shyju Khalid അവര്‍ക്കുലഭിച്ചിട്ടുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനങ്ങളുടെ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ ആത്മാവിനെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമത്തോട് ധീരമായി പ്രതിഷേധിച്ചിരിക്കുന്നു. ആ യുവാക്കള്‍ക്ക് അത്തരമൊരു അവാര്‍ഡും ബഹുമതികളും ലഭിച്ചിരുന്നത് നിങ്ങളറിഞ്ഞിരുന്നോ എന്നെനിക്കറിയില്ല. എന്തായാലും അവരുടെ ആര്‍ജ്ജവവും കരളുറപ്പുംപോലും നിങ്ങളില്‍നിന്നുണ്ടാകാത്തത് തീവ്രമായ നിരാശയാണുണ്ടാക്കുന്നത്.! ????
 
4) ഈ അവസരത്തിലാണ് ‘പാടിയുണ്ടാക്കുന്നതെല്ലാം പറഞ്ഞുകളയുന്ന’ ഗന്ധര്‍വ്വഗായകന്‍, ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ പുരുഷന്മാര്‍ക്കുണ്ടാവുന്ന ‘ചാഞ്ചല്യത്തെക്കുറിച്ചു’ വേവലാതിപ്പെടുന്നത് കണ്ടത്. നിങ്ങളുടെ തലമുറയില്‍പ്പെട്ട വിവരമുള്ള പണ്ഡിതന്മാരില്‍ ഒരാളായ ശശി തരൂര്‍ Shashi Tharoor പറഞ്ഞതുപോലെ നിങ്ങളൊക്കെ #floccinaucinihilipilification, മരപ്പാഴുകളാണെന്ന് ഞങ്ങള്‍ തിരിച്ചറിയാന്‍ വൈകിയതില്‍ അതീവ ദുഃഖമുണ്ട് മെഗാതാരങ്ങളേ.!!
 
5) ബഹുമാന്യരായ ഇക്ക, ഏട്ടന്‍…
ഈ രാജ്യമിന്ന് നാളിതുവരെ കണ്ടിട്ടില്ലാത്ത മഹത്തായ ഒരു പ്രക്ഷോഭത്തിലൂടെയാണ് കടന്നുപോകുന്നത്. ജാമിയ മില്ലിയ്യയ്യും, അലിഗഡും, JNU ഉം, ഹൈദ്രാബാദ് സര്‍വ്വകലാശാലയും, കേരളത്തിലെ ക്യാമ്പസ്സുകളുമടക്കം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാല്‍ മുഖരിതമാണ്. രക്തപങ്കിലമാണ് നോര്‍ത്തിന്ത്യന്‍ തെരുവുകള്‍. അസമില്‍ കൊല്ലപ്പെട്ട യുവാക്കളുടെ എണ്ണം അര ഡസന്‍ കഴിഞ്ഞു. നമ്മുടെ തെരുവുകളും സമരങ്ങളാലും, പ്രതിഷേധ പ്രകടനങ്ങളാലും പ്രതിഷേധ സാന്ദ്രമാണ്. ബഹുസ്വര മതേതര സമൂഹത്തില്‍ വിശ്വസിക്കുന്ന കോഴിക്കോട് ഒരുമിച്ചു കൂടിയ മലബാറിലെ മാപ്പിളമാരുടെ എണ്ണം പതിനായിരങ്ങളായിരുന്നു. വിയോജിപ്പുകളുടെ നേരമല്ല, യോജിപ്പിന്റെ നേരമാണെന്നതിനാല്‍ ആ ശുഭ്രവസ്ത്രധാരികളെ മത രാഷ്ട്രീയഭേദമന്യേ കേരളമൊന്നാകെ നെഞ്ചോട് ചേര്‍ക്കുന്ന കാഴ്ചയും ഇന്നലെകണ്ടു…! ഒടുവില്‍, ആഭ്യന്തരമന്ത്രി അമിത് ഷാ ഗത്യന്തരമില്ലാതെ പുനരാലോചനയാകാം എന്ന നിലപാടിലേക്കെത്തിയതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.!! ???
 
6) മമ്മൂക്കാ, ലാലേട്ടാ…
നാളെ, നിങ്ങളുടെ സുഹൃത്തുക്കള്‍കൂടിയായ ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കക്ഷി നേതാക്കളായ സഖാവ് കാനം രാജേന്ദ്രനും, കുഞ്ഞാലിക്കുട്ടി സാഹിബുമടക്കം രക്തസാക്ഷി മണ്ഡപത്തില്‍ ഏകദിന സത്യഗ്രഹമിരിക്കുകയാണ്. അതെ, കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. ഈ ഘട്ടത്തില്‍ അശ്‌ളീലംപോലെ അരോചകമാകുന്നത് ഈ ജനതയ്ക്കുമുന്നില്‍ ജീവിച്ചിരിക്കുന്ന വലിയ കലാകാരന്മാരായ നിങ്ങളുടെ രണ്ടുപേരുടെയും മൗനമാണ്.!!
 
7) ഇതിനൊരു മറുവശമുണ്ട്, ഇതേ നിങ്ങളില്‍ ഒരുവനാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി സൃഷ്ടിച്ച മരണങ്ങളുടെ ഘോഷയാത്രകളുടെ കാലത്ത്, നോട്ട് നിരോധിച്ചപ്പോള്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ, ATM ലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് തെറിപ്പാട്ട്‌പോലെ ചോദിച്ചത്. ഇതേ നിങ്ങള്‍ക്കാണ്
പ്രത്യേക പ്രിവിലേജുകളാല്‍ അനാവശ്യ കിരീടംചാര്‍ത്തിക്കിട്ടുമ്പോള്‍, ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ മരപ്പാഴുകള്‍ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്. അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്നത്, നഷ്ടപ്പെടാന്‍ ധാരാളമുണ്ടായിട്ടും, ആര്‍ജ്ജവത്തോടെ നട്ടെല്ല് വളയ്ക്കാതെ നേര് നിര്‍ഭയം പറയുന്ന, IAS പോലും പുല്ലുപോലെ വലിച്ചെറിയുന്ന, കണ്ണന്‍ ഗോപിനാഥന്മാരെ കാണുമ്പോഴാണ്. മാത്രമല്ല പലതും നഷ്ട്ടപ്പെടാനുണ്ടായിട്ടും ഞങ്ങളില്‍ ചിലരുടെ രാഷ്ട്രീയ ജാഗ്രത കാണുമ്പോഴും, അസമിലെയും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചുപിടച്ച് ആഹാരം കഴിക്കാന്‍പോലും മനസ്സില്ലാതെയാകുമ്പോഴുമാണ്.! ????
 
8) ഈ യാഥാര്‍ഥ്യത്തിന്റെ മറുവശമെന്തെന്നാല്‍ നിങ്ങളെപ്പോലെയുള്ള ആളുകള്‍ രാഷ്ട്രത്തിന്റെ സിവിലിയന്‍ ബഹുമതികളാല്‍ ‘ആദരിക്കപ്പെടുന്നു’ എന്നുള്ളതാണ്. മറ്റൊരുഭാഷയില്‍ പറഞ്ഞാല്‍ പത്മശ്രീയും പത്മവിഭൂഷണും ഭരതും ലെഫ്റ്റനെന്റ് കേണല്‍ പദവിയുമെല്ലാം നിങ്ങള്‍ക്കെല്ലാം നല്‍കപ്പെട്ടുകൊണ്ട് ആ ബഹുമതികള്‍ അനാദരിക്കപ്പെടുന്നു എന്നുമാണര്‍ത്ഥം. എന്തിനേറെ ആറു പതിറ്റാണ്ട് കാലത്തോളം ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് വോട്ടവകാശം ഉള്‍പ്പടെയുള്ള അടിസ്ഥാന പൗരന്റെ രാഷ്ട്രീയ അഭ്യാസംപോലും ചെയ്തിട്ടില്ലാത്ത നിങ്ങളെയൊക്കെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്കയക്കാന്‍ വ്യഗ്രതപ്പെടുന്നു എന്നതും മേല്‍പ്പറഞ്ഞ പ്രിവിലേജിന്റെ ഭാഗമായ രാഷ്ട്രീയ അശ്ലീലമാണ്.!! ????
 
9) പൂജാമുറിയില്‍ ഫോട്ടോവച്ചു ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാല്‍ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍പ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം, ആര്‍ജ്ജവത്തോടെ, നട്ടെല്ല് നിവര്‍ത്തി നിലപാടുകള്‍ ഉറക്കെപ്പറയുന്നു.!
 
10) എന്തായാലും ഈ കൊടുംതണുപ്പിലും രാജ്യം പ്രതിഷേധാഗ്‌നിയില്‍ കത്തുമ്പോഴും, മൗനം പാലിക്കുന്നതോടൊപ്പം, വാഴപ്പിണ്ടി നട്ടെല്ലുള്ള കലാകാരന്മാരാണ് തങ്ങളെന്ന് ആവര്‍ത്തിച്ചടയാളപ്പെടുത്താനുള്ള ആ ഉളുപ്പില്ലായ്മയ്ക്ക്, എല്ലാ വര്‍ഷവും ഏഷ്യാനെറ്റിന്റേയും സൂര്യയുടെയും മറ്റും അവാര്‍ഡ് നിശയില്‍ ദിവസങ്ങള്‍നീണ്ട പരിശീലനത്തിനടക്കം മുറ തെറ്റാതെ എത്തുന്ന ആ ശുഷ്‌കാന്തിക്ക് ശുഭാശംസകള്‍. നല്ല ഭംഗിയുള്ള താടിയും മീശയുമുള്ള, ലോകത്തിലെതന്നെ മികച്ച അഭിനയ പാടവമുള്ള യാതൊരു നിലപാടും ജനാധിപത്യബോധവുമില്ലാത്ത രണ്ടു കലാകാരന്‍മാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനാധിപത്യ രാജ്യത്തിലെ പ്രജകളായിരുന്നു ഞങ്ങളെന്നു കാലം അടയാളപ്പെടുത്താതിരിക്കില്ല.! ആ കാലം ഒരു ഫാഷിസ്റ്റ് കാലമായിരുന്നെന്നും..!! ????
 
11) ഈ ജനതയോടുള്ള ക്രൂരതകളാണ് ഇന്ത്യയുടെ പൊതുവികാരത്തിന്റെ പ്രതീകമാണെന്നു കരുതുന്നവരെ കാത്തിരിക്കുന്നത് തെരുവില്‍ പടരുന്ന തീയാണ്. ആ അഗ്‌നിയില്‍ ചുട്ടുചാമ്പലാവാതെ ബാക്കിയാവാന്‍ കരുത്തുള്ള യാതൊന്നും തല്‍ക്കാലം ഇന്ത്യയിലില്ല ..! ആ ഘട്ടത്തില്‍ നിങ്ങളുടെയെല്ലാം ഗംബ്ലീറ്റ് കുഴലൂത്തുകളും ചാരമായിപ്പോകുന്ന കാഴ്ചകള്‍ കാണാനായി കാത്തിരിക്കുക…!!
 
12) ഇനിയെങ്കിലും സാമൂഹിക വിഷയങ്ങളില്‍ ഫാഷിസ്റ്റ് അടുക്കളപ്പണിക്കാരാവാതെ സദ്ബുദ്ധിയും, സാമൂഹിക പ്രതിബദ്ധതയുമുള്ള കലാകാരന്മാരായി മാനസിക പരിവര്‍ത്തനം വരട്ടെയെന്ന പ്രാര്‍ത്ഥനകളോടെ…,
 
മഹാന്മാരായ കലാകാരന്മാരായ നിങ്ങള്‍ക്കു മുകളിലെ വിശാലവിഹായസ്സുകള്‍ നിറയെ സ്‌നേഹാദരവുകളോടെ…??????
 
ഒരഭ്യുദയകാംക്ഷി….!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് കസ്റ്റഡിയില്‍ വെച്ച് നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു, നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പറയുന്നു