‘ഞാൻ ഒരു തരം ശബ്ദം കേൾക്കുന്നുണ്ട്’; ജയലളിതയുടെ മരണത്തിനു മുമ്പുള്ള ശബ്ദരേഖകൾ പുറത്ത്
‘ഞാൻ ഒരു തരം ശബ്ദം കേൾക്കുന്നുണ്ട്’; ജയലളിതയുടെ മരണത്തിനു മുമ്പുള്ള ശബ്ദരേഖകൾ പുറത്ത്
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു.
ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകൾ മാധ്യമങ്ങൾക്ക് കൈമാറിയത്. ആശുപത്രിയിൽ ജയയുടെ ഡോക്ടറായിരുന്ന കെഎസ് ശിവകുമാറാണ് 1.07 മിനിറ്റുള്ള ഓഡിയോ ക്ലിപ്പ് കമ്മിഷനു കൈമാറിയത്.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുമ്പോള്‍ എന്‍റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണതെന്നും ജയലളിത പറയുന്നു. ഈ ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും ഇലെങ്കില്‍ വേണ്ടെന്നും അവര്‍ പറയുന്നുണ്ട്.
രണ്ടാമത്തെ 33 സെക്കൻഡുള്ള റെക്കോർഡിംഗ് ജയയുടെ ചോദ്യത്തിന് ഡോ ശിവകുമാർ മറുപടി പറയുന്നതാണ്. ഞാന്‍ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത് ശ്വാസോച്ഛോസം റെക്കോർഡ് ചെയ്‌തു, പേടിക്കാനൊന്നുമില്ല എന്നാണ് ക്ലിപ്പില്‍ പറയുന്നത്.
മറ്റൊരു ക്ലിപ്പില്‍ തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത തുടർച്ചയായി ചുമച്ചു കൊണ്ട് ചോദിക്കുന്നുണ്ട്. 140 ആണു രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയിൽ കേൾക്കാം.