ഒരിടവേളയ്ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു! - കെ ടി ജലീല്‍

സുഡാനി അടിപൊളിയാ...

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (11:03 IST)
സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി കെ ടി ജലീല്‍. എന്റെ നാട്ടിലും ഇതുപോലുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു.
 
കെ ടി ജലീലിന്റെ വാക്കുകള്‍:
 
" സുഡാനി From നൈജീരിയ " കാണാതെ പോകരുത് ..
 
ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കറിയ . സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് . നൻമ നിറഞ്ഞ മനസ്സിൽ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ . എന്റെ നാട്ടുകാരൻ കൂടിയായ സക്കരിയ്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു . സ്നേഹം വേണ്ടുവോളം നൈജീരിയക്കാരൻ സുഡുവിന് പകർന്ന് നൽകിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സിൽ വറ്റാത്ത കാരുണ്യത്തിന്റെ ആൽമരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിർത്തികൾക്ക് അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദു:ഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .
 
മതവും ഭാഷയും ദേശവും വർണ്ണവും നിഷ്കളങ്കരായ സാധാരണക്കാരിൽ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലചിത്രം .
 
വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ "സുഡാനി From നൈജീരിയ" യിൽ ഇല്ല . പ്രാദേശിക സംസ്കൃതിയുടെ ഉൾക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തർദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയർത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാൻ അവസരം കിട്ടുമ്പോൾ മോഹിച്ച് പോയിട്ടുണ്ട് , എന്റെ നാട്ടിലും ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന് . ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത് . സക്കറിയ , അനീഷ് ജി മേനോൻ , നജീബ് കുറ്റിപ്പുറം , ഉണ്ണിനായർ , രാജേഷ് , ബീരാൻ , അമീൻഅസ്ലം , അനൂപ് മാവണ്ടിയൂർ , ഷാനമോൾ , ജുനൈദ് തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും . സൗബിൻ ഉൾപ്പടെ ഒരാളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . പിരിയാത്ത "ചങ്ങായ്ച്ചി" കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും പിടിച്ചിറക്കിയാലും മനസ്സിൽ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല . സുഡാനിയായി സാമുവൽ ഹൃദ്യമായിത്തന്നെ തന്റെ റോൾ ചെയ്തു. 
 
ഒരു നിർമ്മാതാവില്ലെങ്കിൽ സിനിമക്ക് ജന്മമില്ല . സക്കരിയ്യയുടെ ആഗ്രഹം സഫലമാക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീർ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയർഹിക്കുന്നു . തിരക്കഥയിലും സംഭാഷണത്തിലും സക്കറിയക്ക് കൂട്ടായ മുഹ്സിൻ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ് . നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി "സുഡാനി From നൈജീരിയ" യെ മാറ്റിയ എല്ലാ കലാകാരി കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments