ഒരു രാജ്യം, ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ഹിന്ദി ദിവസ്’ അഭിപ്രായ പ്രകടനത്തിനെതിരെ കമൽഹാസൻ. ‘ഒരു രാഷ്ട്രം ഒരു ഭാഷ’ നയത്തെ കുറിച്ചുള്ള ബി.ജെ.പി നേതാവിന്റെ ആശയത്തോട് യോജിക്കാനാകില്ലെന്ന് കമൽഹാസൻ അറിയിച്ചു.
“ഐക്യം, നമ്മൾ ഇന്ത്യയെ ഒരു റിപ്പബ്ലിക്കാക്കി മാറ്റിയപ്പോൾ നൽകിയ വാഗ്ദാനമാണ്. ഷായോ സുൽത്താനോ സമ്രാട്ടോ ആരുമായിക്കൊള്ളട്ടെ ഈ വാഗ്ദാനത്തിന്റെ ലംഘനം നടത്താൻ സാധിക്കില്ല. ഞങ്ങൾ എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു, പക്ഷേ നമ്മുടെ മാതൃഭാഷ എല്ലായ്പ്പോഴും തമിഴായിരിക്കും. ‘ജെല്ലിക്കെട്ട്’ ഒരു പ്രതിഷേധം മാത്രമായിരുന്നു. പക്ഷേ, മാതൃഭാഷകൾക്കായുള്ള പോരാട്ടം അതിനേക്കാൾ വലുതായിരിക്കുമെന്ന് ഓർമിപ്പിക്കട്ടെ‘- കമൽ ഹാസൻ പറഞ്ഞു.
‘ഇന്ത്യയുടെ ദേശീയഗാനം ബംഗാളിയിൽ ആണെങ്കിലും ഭൂരിഭാഗം ജനങ്ങളും അഭിമാനത്തോടെ അത് ആലപിക്കുന്നു, അത് തുടരും.എല്ലാം ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെ അടഞ്ഞ ഒന്നാക്കി മാറ്റരുത്. അത്തരം ഇടുങ്ങിയ ചിന്താഗതികൾ എല്ലാവർക്കും ദോഷം ചെയ്യും, ” കമൽഹാസൻ കൂട്ടിച്ചേർത്തു.