‘നിന്റെ അപ്പൻ എന്നെ തല്ലുമായിരിക്കും, സാരമില്ല അപ്പനല്ലേ തല്ലിക്കോട്ടെ’- കെവിന്റെ വാക്കുകൾ ഓർത്തെടുത്ത് നീനു
ഒരു അപ്പനല്ലേ വിഷമം കൊണ്ട് തല്ലുമായിരിക്കും, സാരമില്ല: കെവിൻ
വീട്ടുകാരിൽ നിന്നും വഴക്കും ബഹളും ഉണ്ടാകുമെന്ന ഉറപ്പിൽ തന്നെയായിരുന്നു കെവിനും നീനുവും വിവാഹിതരായത്. മരണശേഷം കെവിന്റെ ഓർമയിൽ കെവിന്റെ വാടകവീട്ടിലാണ് നീനു താമസിക്കുന്നത്. കെവിനോടൊപ്പമുള്ള ഓരോ നിമിഷവും ഓർത്തെടുക്കയാണ് നീനു.
‘വിവാഹക്കാര്യം വീട്ടിൽ അറിഞ്ഞാൽ ബഹളം ഉണ്ടാകുമെന്ന് കെവിൻ ചേട്ടനും എനിക്കും അറിയാമായിരുന്നു. അക്കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പായിരുന്നു പ്രശ്നമുണ്ടാകുമെന്ന്. നിന്റെ അപ്പനെന്നെ ചിലപ്പോൾ തല്ലുമായിരിക്കും, സാരമില്ല നിന്റെ അപ്പനല്ലേ തല്ലിക്കോട്ടെ എന്നായിരുന്നു കെവിൻ ചേട്ടൻ പറഞ്ഞിരുന്നത്. പക്ഷേ, അത് ഇത്രത്തോളം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല‘.
കെവിൻ ആദ്യമായി പ്രണയം പറഞ്ഞപ്പോൾ നീനുവിന്റെ ഉള്ളിൽ ഭയമായിരുന്നു. "എനിക്കറിയാമായിരുന്നു എന്റെ കുടുംബക്കാർ ഇതിന് അനുവദിക്കില്ലെന്ന്. എന്റെ വീട്ടിലെ എല്ലാ പ്രശ്‌നങ്ങളും എനിക്ക് നന്നായി അറിയാം. എന്റെ ചാച്ചൻ ലാറ്റിൻ കാത്തലിക്കും അമ്മ മുസ്ലിമുമാണ്. അവർ വിവാഹം കഴിച്ചപ്പോൾ ചാച്ചനെ പള്ളിയിൽ നിന്ന് പുറത്താക്കി. ശേഷം മറ്റൊരു പള്ളിയിൽ ചേരുകയായിരുന്നു. എന്റെ കുടുംബത്തിൽ അധികം സന്തോഷമൊന്നുമില്ലായിരുന്നു. "
കെവിനെ വീണ്ടും കാണണമെന്ന് നീനു ആവശ്യപ്പെടുകയായിരുന്നു. "എന്റെ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങൾ പൂർണ്ണമായും ഞാൻ കെവിൻ ചേട്ടന് പറഞ്ഞുകൊടുത്തു. അതൊന്നും പ്രശ്‌നമല്ല ഞാൻ നീനുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് കെവിൻ ചേട്ടൻ മറുപടി പറഞ്ഞത്".
പിന്നീടുള്ള കുറച്ച് മാസങ്ങൾ നീനുവിന് നല്ല ഓർമ്മകളായിരുന്നു കെവിൻ സമ്മാനിച്ചത്. നീനു കെവിനെ ഇച്ചാ എന്ന് വിളിച്ച് തുടങ്ങിയപ്പോൾ കെവിൻ നീനുവിനെ പൊന്നി എന്നും വിളിച്ചുതുടങ്ങി. കെവിൻ നീനുവിനെ നിരവധി പള്ളികളിലും അമ്പലങ്ങളിലും കൊണ്ടുപോകുമായിരുന്നു. ഇന്ന് അത് നീനുവിന് ഓർമ്മകൾ മാത്രമാണ്.
"ഞങ്ങളും സാധാരണ പ്രണയിതാക്കളെ പോലെയായിരുന്നു. ദീർഘനേരമുള്ള ഫോൺ വിളികൾ ഉണ്ടായിരുന്നു, സിനിമയ്‌ക്കും മാളിലും പോകുമായിരുന്നു. എങ്കിലും എപ്പോഴും മനസ്സിൽ പേടിയായിരുന്നു, വീട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ. ഞങ്ങൾ കുമരകം പോകുകയും കായലിനരികെ കുറേ സമയം ചെലവഴിക്കുകയും ചെയ്യും. അവിടെ നിന്നായിരുന്നു ഞങ്ങളുടെ സ്വപ്‌നങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുക."
കെവിൻ എന്നും അവളെ സന്തോഷിപ്പിക്കുമായിരുന്നു. ജോലി കിട്ടി ദുബായിൽ പോയപ്പോഴും കെവിൻ അവൾക്ക് സമ്മാനങ്ങൾ അയയ്‌ക്കാൻ മറന്നില്ല. 2018 ഫെബ്രുവരിയിലായിരുന്നു ഏറ്റവും വലിയ സർപ്രൈസ് കെവിൻ നീനുവിന് നൽകിയത്. നീനുവിനോട് പറയാതെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്‌ത് അവളെ കാണാനായി അവൻ എത്തി. ശേഷം തമ്മിൽ ചെറിയ സൗന്ദര്യപിണക്കൾ ഉണ്ടായിരുന്നെങ്കിലും അതിനൊക്കെ ആയുസ്സ് കുറവായിരുന്നു.
എന്നാൽ ശരിക്കുള്ള പ്രശ്‌നം തുടങ്ങിയത് മെയ് മാസം മുതലായിരുന്നു. നീനുവിന്റെ കുടുംബക്കാർ നീനുവിന് വിവാഹം ആലോചിക്കാൻ തുടങ്ങി. പിരിയാൻ പറ്റില്ലെന്ന് മനസ്സിലായതിന് ശേഷമാണ് ഇരുവരും രജിസ്‌റ്റർ ചെയ്യുന്നത്. രജിസ്‌റ്റർ വിവാഹത്തിന് ശേഷം നീനുവിനെ കെവിൽ അവളുടെ ഹോസ്‌റ്റലിൽ കൊണ്ടുവിടുകയും കെവിൻ സുഹൃത്തായ അനീഷിന്റെ വീട്ടിലേക്കു പോകുകയും ചെയ്‌തു.
കിടക്കുന്നതിന് മുമ്പ് നീനു അവളുടെ വീട്ടിലേക്ക് വിളിച്ച് മാതാപിതാക്കളോട് അവളുടെ തീരുമാനത്തെക്കുറിച്ച് പറയുകയും ചെയ്‌തു. അവരുടെ മറുപടിക്കായി അവൾ കാത്തിരുന്നില്ല. അതുവരെ കെവിന്റെയും നീനുവിന്റെയും വീട്ടുകാർക്ക് ഇവരുടെ ബന്ധത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കെവിന്റെ അച്ഛൻ നീനുവിനെക്കുറിച്ച് അറിയുന്നത്.