‘ആർക്കും വിട്ടുംകൊടുക്കാതെ പൊന്നിയെ ഞാൻ എന്റെ സ്വന്തമാക്കും’ - കെവിന്റെ അവസാന വാക്കുകൾ
മെഴുകുതിരി കത്തിച്ച് ഞങ്ങൾ ഒരുമിച്ചാണ് പുണ്യാളന് മാല ചാർത്തിയത്, പക്ഷേ...
‘ആരൊക്കെ എതിർത്താലും പൊന്നി എന്റെ സ്വന്തമായിരിക്കും. ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ സൂക്ഷിക്കും. വിവാഹ രജിസ്‌ട്രേഷന്‍റെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. രാവിലെ തന്നെ എന്നെ വിളിക്കണോട്ടോ‘... - കെവിന്റെ അവസാന വാക്കുകളാണിത്. തന്റെ പ്രാണൻ പോലെ കരുതിയ പെണ്ണിനോട് അവൻ അവസാനമായി സംസാരിച്ചതും പ്രണയത്തെക്കുറിച്ചും സ്വപ്നത്തെ കുറിച്ചുമായിരുന്നു.
മരണം അടുത്തെത്തിയെന്ന് അറിയാതെ കെവിൻ ഫോൺ വെച്ചു. സ്വപ്നങ്ങളുടെ ചിറകിലേറി നീനു ഉറങ്ങാനും പോയി. എന്നാൽ, ദുരഭിമാനം പേറി നടന്ന നീനുവിന്റെ വീട്ടുകാർ വേട്ടപ്പട്ടിയെ പോലെ ആ സമയം കെവിന്റെ മരണത്തിനുള്ള സമയം കുറിക്കുകയായിരുന്നു.
തടസമില്ലാതെ വിവാഹമൊക്കെ നടത്തിയ ശേഷം നമ്മുക്കൊന്നിച്ചു വേളാങ്കണ്ണി പള്ളിയില്‍ പോകണമെന്നും കെവിന്‍ ചേട്ടന്‍ പറഞ്ഞിരുന്നുവെന്ന് നീനു പറയുന്നു. നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലായിരുന്നു ഞങ്ങള്‍ അവസാനമായി പോയത്, മെഴുകുതിരി കത്തിച്ച് ഒരുമിച്ചു പുണ്യാളന് മാല ചാര്‍ത്തി പ്രാർത്ഥിച്ചാണ് അന്ന് മടങ്ങിയത്. - നീനു ഓർക്കുന്നു.
തന്നെ കെവിന്‍ ചേട്ടന്‍ ഏല്‍പ്പിച്ചു പോയ അച്ഛനെയും അമ്മയെയും മരണം വരെ കൈവിടില്ലെന്ന് നീനു ആവര്‍ത്തിച്ചു പറയുന്നു. നന്നായി പഠിച്ച് നല്ലൊരു ജോലി നേടി കെവിൻ ചേട്ടൻറെ അച്ഛനെയും അമ്മയെയും സംരക്ഷിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യം”. ഭാവിയെക്കുറിച്ചുള്ള നീനുവിൻറെ ദൃഢനിശ്ചയം ആ വാക്കുകളിലുണ്ടായിരുന്നു.