മലപ്പുറം വേങ്ങരയിലെ കിളിനക്കോട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകായണ്. കുറച്ച് പെണ്‍കുട്ടികള്‍ക്ക് അവരുടെ സഹപാഠിയുടെ വിവാഹത്തിനെത്തിയപ്പോള്‍ ആ നാട്ടില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളും തമാശരൂപേണ വീഡിയോയിൽ പറയുന്നതാണ് കാര്യങ്ങളുടെ തുടക്കം.
ഈ വീഡിയോ കണ്ട് സദാചാരകുരുപൊട്ടിയ കുറെയാളുകള്‍ ഈ കുട്ടികള്‍ക്കെതിരേ രംഗത്ത് വരികയും അവരെ മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. വിഷയത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്തായാലും ഈ പ്രദേശത്ത് കാരിയായ ഒരു പെണ്‍കുട്ടിയുടെ ഇതുമായി ബന്ധപ്പെട്ട വൈറല്‍ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മലപ്പുറത്തെ കിളിനക്കോട്എന്ന പ്രദേശത്തു ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ തങ്ങള്‍ക്ക് ഉണ്ടായ മോശം അനുഭവം ഒരു കൂട്ടം പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതും , അതിന് ഒരാണ്‍ കൂട്ടം പറഞ്ഞ മറുപടിയും ആണ് വിഡിയോകളില്‍ .
(ഇതിനെ തുടര്‍ന്ന് ഒരുപാട് അശ്ലീലം കലര്‍ന്ന ആണ്‍ മറുപടികള്‍ ഉണ്ടാവുന്നുണ്ട്.കേസ് പോലീസ് സ്റ്റേഷനില്‍ എത്തിയതായി പലരുടെ പോസ്റ്റുകളില്‍ നിന്നായി അറിയുന്നു. )
ഈ രണ്ടു വിഡിയോകളും ആണ്‍ പെണ്‍ പ്രതികരങ്ങളുടെ വ്യത്യാസത്തെയും നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍ പുറത്തെയും ശരിക്കും വെളിപ്പെടുത്തുന്നുണ്ട്.
പെണ്‍കുട്ടികള്‍ സമാധാനപരമായി, സരസമായി, ചടുലമായി, പ്രതികരിച്ചിരിക്കുന്നു. ഉണ്ടായ അനുഭവം പങ്ക് വെച്ച് കൊണ്ട് അവര്‍ക്ക് സാധ്യമായ പരിഹാരം നിര്‍ദേശിക്കുന്നു. ഇത്ര മോശമായി പെരുമാറുന്ന ആളുകള്‍ ഉള്ളയിടത്തേക്ക് ആരും വിവാഹം കഴിച്ചു വരരുത് എന്നതാണ് അവരുടെ ആവിശ്യം. തങ്ങളെ സദാചാര വിചാരണ നടത്തിയവരെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍ എന്നും സംസ്‌കാരമില്ലാത്തവര്‍ എന്നും വിശേഷിപ്പിക്കുന്നു.
മറുപടി ആയി ആ ചെറുപ്പക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ നോക്കുക. ആണുങ്ങള്‍ടെ അധ്വാനം, വിയര്‍പ്പ്, കൂലി, നാടിനെ കുറിച്ചുള്ള പ്രാദേശിക വാദം, നാടന്‍മാരുടെനന്മ നിറഞ്ഞ സംസ്‌കാരം. പെണ്‍കുട്ടികള്‍ടെ ഉദ്ദേശം മോശം ആയിരുന്നു എന്ന് വരുത്തിത്തീര്‍ക്കല്‍. നെഞ്ചില്‍ തൊട്ടും ഗീര്‍വാണം മുഴക്കിയും പൗരുഷ പ്രകടനം. ജഗ പോക.
പെണ്‍കുട്ടികള്‍ക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടാവുന്നത്, അവര്‍ ഒന്നിച്ചു യാത്രചെയ്യുന്നത്, പ്രണയിക്കുന്നത്, ഉറക്കെ സംസാരിക്കുന്നത്, എന്തിന് കയ്യും വീശി ഉറച്ചു റോഡിലൂടെ നടക്കുന്നത് പോലും നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന അസഹിഷ്ണുത ഈ നാട്ടില്‍ ജീവിക്കുന്ന ഒരാള്‍ എന്നനിലയില്‍ ഊഹിക്കാം.
പെണ്‍കുട്ടികള്‍ ചെയ്ത വീഡിയോയും പൊക്കി പിടിച്ചു ഓടുന്ന സദാചാര കമ്മറ്റി കാരെ, നന്മ മരങ്ങളെ, ഈ മലപ്പുറം മാഹാത്മ്യം, നാട്ടിന്‍ പുറത്തിന്റെ നന്മ…. ഇതൊക്കെ പെണ്‍കുട്ടികള്‍ നിശബ്ദരായിരുന്നതുകൊണ്ട് നിങ്ങള്‍ ഉണ്ടാക്കിഎടുത്ത പുറംമോടി ആയിരുന്നൂന്ന് ഇങ്ങിനെ ഒക്കെ പതുക്കെ വെളിവാകും. പക്ഷെ നിങ്ങളുടെ സദാചാര ബോധം മാറുന്ന കാലം വരെ പെണ്‍കുട്ടികള്‍ കാത്തുനില്‍കണം എന്ന് ആഗ്രഹിക്കരുത് . അവരിതാ ഇങ്ങിനെയൊക്കെ കൂസലില്ലാതെ അങ്ങ് വളരുകയാണ്.