Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ ഭാര്യയെ കാണാതായാൽ നിങ്ങൾ വീട്ടിൽ പോയ്‌ കിടന്നു സുഖമായി ഉറങ്ങുമോ? - ഡിജിപിയോട് ലിഗയുടെ ഭർത്താവ് ചോദിച്ചു

കാണാൻ കൂട്ടാക്കാതെ ചീറിപ്പാഞ്ഞ് മുഖ്യമന്ത്രി, കേരള പൊലീസിനെ പഠിപ്പിക്കേണ്ടെന്ന് ഡിജിപിയും - ലിഗയെ ‘കൊന്നത്’ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ തന്നെ

നിങ്ങളുടെ ഭാര്യയെ കാണാതായാൽ നിങ്ങൾ വീട്ടിൽ പോയ്‌ കിടന്നു സുഖമായി ഉറങ്ങുമോ? - ഡിജിപിയോട് ലിഗയുടെ ഭർത്താവ് ചോദിച്ചു
, തിങ്കള്‍, 23 ഏപ്രില്‍ 2018 (15:14 IST)
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് വന്ന ആൻഡ്രൂസിന് നഷ്ടമായത് സ്വന്തം ഭാര്യയെ. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ ആൻഡ്രൂസും സഹോദരിയും ലിഗയ്ക്കായി തെരച്ചിൽ നടത്തി. ഇന്നലെ അവർ തെരച്ചിൽ അവസാനിപ്പിച്ചു. ജീവനില്ലാതെ ലിഗയെ ഇന്നലെ കിട്ടി. 
 
ലിഗയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കാണാൻ കൂട്ടാക്കാതെ ചീറിപ്പാഞ്ഞു പോകുകയായിരുന്നുവെന്ന് സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല പറയുന്നു. ഇതേ ആവശ്യവുമായി ഡിജിപിയെ കാണാൻ ചെന്നപ്പോൾ ചീത്തവിളിയായിരുന്നു ലഭിച്ചതെന്നും അശ്വതി പറയുന്നു.
 
ആൻഡ്രൂസിനേയും ഇലിസയേയും സഹായിക്കാൻ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
മനസ്സ് ശാന്തമാക്കാൻ മരുന്ന് തേടി വന്നവളുടെ ഉയിരെടുത്ത കേരളം.
ലീഗയെ കാണാതായി ഏകദേശം നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൊട്ട് ഇവരോടൊപ്പം കൂടിയവരാണ് ഞങ്ങൾ ശിവ സുന്ദർ .വിജു .സാം മാദ്ധ്യമ പ്രവർത്തകൻ സുനിത് തയാറാക്കിയ വാർത്തയാണ് ഞങ്ങളെ ഇവരിലേക്കെത്തിച്ചത്. സുനിത് അന്നു മുതലിന്നു വരെ ഒരു കൂടപ്പിറപ്പിനേക്കാൾ ആത്മാർത്ഥതയോടെ ഇവരോടൊപ്പം. തുടർന്നുള്ള എല്ലാ നീക്കങ്ങൾക്കും ഒരു മനസ്സായ് ഞങ്ങൾ നിന്നു. 
 
ഇൽസിയുടെയും ആൻഡ്രൂസിന്റെയും ചങ്കുപറിയുന്ന വേദന വാക്കുകൾക്കതീതമാണു്. തേടാത്ത വഴികളില്ല മുട്ടാത്ത വാതിലുകളില്ല. കന്യാകുമാരി മുതൽ ഗോകർണം വരെ നീണ്ട അന്വേഷണം... അപ്പോഴെല്ലാം ഒരു വിളിപ്പാടകലെ ലീഗ..... എങ്ങനെ ആ ഒരിടം മാത്രം ഞങ്ങടെ ശ്രദ്ധയിൽ വന്നില്ല...? പ്രത്യേക അന്വേഷണ സംഘവും ഇക്കാര്യത്തിൽ പരാജയപ്പെട്ടു ., ലീഗയെത്തേടി ഗോകർണ്ണം വരെ പോയ പോലീസ് സംഘത്തിനും തിരുവല്ലം സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരം പോലുമില്ലാത്ത കണ്ടൽക്കാടു നിറഞ്ഞ ,മദ്യപന്മാരും മറ്റ് ക്രിമിനലുകളും വന്നെത്താറുള്ള ഈ പ്രദേശത്ത് വെറുതെയെങ്കിലും ഒന്നു നോക്കാമെന്നു തോന്നിയില്ല. മുമ്പെന്നോ സമാനമായ ഒരു കൊലപാതകം ഈ സ്ഥലത്ത് നടന്നിട്ടുള്ളതായി ഒരു പ്രദേശവാസി പറഞ്ഞതായറിഞ്ഞു. 
 
സഞ്ചാരികളുടെ ഈ പറുദീസ പൂർണ്ണമായും സുരക്ഷിതമാണെന്ന വിഴിഞ്ഞം കോവളം പോലീസിന്റെ അവകാശവാദം പൊളിഞ്ഞു വീണു. എത്ര നിസ്സാരമായാണ് ആദ്യഘട്ടത്തിൽ പോത്തൻകോട് പോലീസും വിഴിഞ്ഞം കോവളം പോലീസും ഈ വിഷയം കൈകാര്യം ചെയ്തത്.അന്നവർ തീരപ്രദേശത്ത് ഒരു പത്തു കിലോമീറ്റർ ദൂരം അരിച്ചുപെറുക്കിയെങ്കിൽ ഒരു പക്ഷെ ഈ പാവത്തെ ജീവനോടെ കണ്ടെത്താനായേനെ. 
 
ചിലതൊക്കെ അനുഭവിച്ചതാണ്..  ആ അവസ്‌ഥയിലൂടെ ശരീരവും മനസും നിസ്സഹായതയും പ്രതിഷേധവും അടങ്ങുന്ന ഒരു രൂപമായി കടന്നുപോയപ്പോൾ..,
ഏമാന്മാരുടെ മുന്നിൽ ചെന്ന് തല കുനിച്ചു നിന്നപ്പോൾ..,
മനസ്സിൽ ശപിച്ചുകൊണ്ട് ആ മുഖങ്ങളിൽ നോക്കി യാചിച്ചപോൾ..,
ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു
അവരെ അന്വേഷിച്ചു കണ്ടെത്തണം..
അതിനു ആരുടെ കാല് പിടിക്കാനും തയ്യാറായിരുന്നു .മറ്റൊന്നിനും വേണ്ടിയല്ല. ഈ നാടിന്റെ അഭിമാനത്തിന് വേണ്ടി.. ഞാനും സ്വാർഥയായി.. എന്റെ രാജ്യത്തെത്തിയ ഒരു വിദേശ വനിതക്ക് ഒരിക്കലും ഒരാപത്തുണ്ടാകാൻ പാടില്ല.. അത് എന്റെ നാടിനെ തല കുനിപ്പിക്കും എന്ന സ്വാർഥത...
 
കാണാതായി 8ദിവസത്തിന് ശേഷം, ഇടപെട്ട ദിവസം മുതൽ കണ്ടതായിരുന്നു പോലീസിന്റെ അനാസ്‌ഥ. പോത്തൻകോട് നിന്നും ഓട്ടോറിക്ഷയിൽ കയറി കോവളത്ത് ഇറങ്ങി കേസ് രജിസ്റ്റർ ചെയ്തത് പോത്തൻകോട്.. കേസ് രജിസ്റ്റർ ചെയ്തു 10 ദിവസം ശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളിൽ ഞങ്ങൾ എത്തുമ്പോൾ കാണാതായ വിവരം ആ സ്റ്റേഷനുകളിൽ അറിഞ്ഞിട്ടില്ലായിരുന്നു..
 
പോത്തൻകോട് എസ്‌ ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയേണ്ടത് എന്ന് വിഴിഞ്ഞം എസ്‌.ഐ ഷിബു. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു .9.30 നു മുഖ്യമന്ത്രിയെ കാണാനുള്ള മുൻ‌കൂർ അനുമതിയുമായ് നിയമസഭക്ക് മുന്നിൽ കാത്തു നിന്നു. അനുമതി നൽകിയ മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല ഫോൺ എടുക്കാത്തതിനാൽ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല ഒടുവിൽ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറി പാഞ്ഞു പോകുമ്പോൾ ആ വിദേശികൾ ചോദിച്ചു.., "ഈ മുഖ്യമന്ത്രിയെ കാണാൻ ആണോ നമ്മൾ ഇവിടെ കാത്തു നിന്നത്..??"ഒടുവിൽ ഫോണെടുത്ത സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയെ ഇനി കാണാനാകില്ല എന്നാണ്.. ചോദ്യം ചെയ്യാൻ നമ്മൾക്കാവില്ലല്ലോ..
 
അടുത്ത ഊഴം ബഹു: ഡി.ജി.പി ലോക് നാഥ്‌ ബെഹ്‌റയായിരുന്നു.. 3 മണിക്കൂർ കാത്തു നിന്ന ശേഷം ഇനി ഇന്ന് പറ്റില്ല മീറ്റിംഗിന് അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു .അടുത്ത ദിവസം ഒരുപാട് പ്രതീക്ഷയോടെ ആൻഡ്രൂസും ഞാനും ഇൽസയും ഡിജിപിയെ കാണാൻ റൂമിൽ എത്തി. ഈ വിദേശികളെ അദ്ദേഹം സ്വീകരിച്ചത് തന്നെ സമയം കൊല്ലികളെ കാണുന്ന മനോഭാവത്തോടെയായിരുന്നു. "കേരള പോലീസിനെ പഠിപ്പിക്കാൻ വരണ്ട, ഞങ്ങൾക്കറിയാം എങ്ങനെ അന്വേഷിക്കണമെന്ന്‌" ഓരോ വാക്കിലും അധികാരത്തിന്റെ ഗർവും അഹങ്കാരവും മാത്രമായിരുന്നു പിന്നീട് ഡിജിപിയുടെ പദവിക്ക് ചേരും വിധം അതിഗാംഭീര്യത്തോടെയുള്ള താക്കീതും "കൂടുതൽ പോലീസിനെ കുറ്റം പറഞ്ഞാൽ ഒരു മിസ്സിംഗ് കേസ് എന്നാ നിലയിൽ കേസ് ക്ലോസ് ചെയ്ത് അവർ ഒരു റിപ്പോർട്ട് തരും.. പിന്നെ ആർക്കും ഒന്നും ചെയ്യാനാകില്ല" ആ താക്കീതിന്, അഹങ്കാരസ്വരത്തിനു മുന്നിൽ സഹോദരി ഇൽ സ പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ട് തലകുനിച്ചിരുന്നു ഞാൻ. 
 
ആൻഡ്രൂ എന്നാ ഭർത്താവ് ഡിജിപിയോട് ചോദിച്ച ചോദ്യം, "നിങ്ങളുടെ സ്നേഹസമ്പന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടൽ തീരത്ത് കാണാതായാൽ നിങ്ങൾ വീട്ടിൽ പോയ്‌ കിടന്നു സുഖമായി ഉറങ്ങുമോ ?അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചു ഇറങ്ങുമോ..??" ആ ചോദ്യം ചോദിച്ചു "എനിക്ക് നിങ്ങളുടെ പോലീസിനെ ഇനി വിശ്വാസം ഇല്ല" എന്ന നിരാശാപൂർണ്ണമായ സംഗ്രഹത്തോടെ ഇറങ്ങി പോകുകയായിരുന്നു ആ പാവം മനുഷ്യൻ..
 
അതിനു ശേഷമാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും.
ഒടുവിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.. കാണാതായി 15 ദിവസങ്ങൾക്കു ശേഷം ഹേബിയസ് ഫയൽ ചെയ്ത ശേഷം മാത്രമാണ് പോലീസും തീരദേശ സേനയുമൊക്കെ ഉറക്കം ഉണർന്നത്..പലതവണ ചിന്തിച്ചു ഇതാണോ ഒരു വിദേശിക്ക് നമ്മുടെ രാജ്യം നൽകുന്ന സംരക്ഷണം എന്ന് .ഒടുവിൽ തന്റേതായ രീതിയിൽ അന്വേഷണം നടത്തിയ ആൻഡ്രൂ ഇവിടത്തെ പോലീസിന്റെ നിർവികാരതയ്ക്കെതിരെ പ്രതികരിക്കാൻ തുടങ്ങി. അതിന്റെ പേരിൽ അദ്ദേഹത്തെ മാനസികരോഗി എന്ന് മുദ്ര കുത്തി. ഒടുവിൽ 6 ദിവസം കസ്റ്റഡിയിൽ വെച്ച ശേഷം ബലമായി ടിക്കറ്റ് എടുപ്പിച്ചു ഐർലണ്ടിലേക്ക് പോലീസ് തിരികെ അയച്ചു. ലീഗയുടെ ശരീരം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുൻപാണ് അദ്ദേഹം വീണ്ടും ഇന്ത്യയിലേക്ക് തിരികെ വന്നത്... ഒടുവിൽ മോർച്ചറിക്ക് പുറത്ത് ലീഗയുടെ സഹോദരി കരഞ്ഞു കൊണ്ട് പറഞ്ഞത് "ഈ ഗതി ആർക്കും വരരുത്" എന്നായിരുന്നു... അവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ലായിരുന്നു..
 
ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്‌ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു ?എത്ര പേർ അവരെ അന്വേഷിച്ചു..? ആരും ഉണ്ടായിരുന്നില്ല.. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാരത്തെക്കാൾ മൂല്യമുണ്ടായിരുന്നു ഒരു ദിവസം എങ്കിലും ഒരു ഫോണിലൂടെയെങ്കിലും "ഞങ്ങൾ ഉണ്ട്" എന്ന ഒരു വാക്കിന്..
അത് നൽകാൻ കഴിയാത്തവർ ഇനി എന്ത് പറഞ്ഞിട്ടും എന്ത് ചെയ്തിട്ടും എന്ത് കാര്യം...??
 
ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുന്പിലേക്കല്ലേ ?ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരല്പം കരുണ.അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ല ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മോദിയും അമിത് ഷായും അഥവാ ദുര്യോധനനും ദുശ്ശാസനനും‘ - മൂന്ന് മോദിമാരും ചേർന്ന് ഇന്ത്യയെ കൊള്ളയടിക്കുന്നു: സീതാറാം യെച്ചൂരി