‘മലയാളികളല്ല നാണംകെട്ട വർഗം, താങ്കളാണ് പമ്പര വിഡ്ഢി‘- അർണബിനെതിരെ ആഞ്ഞടിച്ച് മേജർ രവി
‘അർണബിനോട് സഹതാപം മാത്രം’- അജു വർഗീസിന് പിന്നാലെ ഗോസ്വാമിക്കെതിരെ മേജർ രവി
റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് സഹതാപം മാത്രമേയുള്ളുവെന്ന് സംവിധായകൻ മേജർ രവി. മാധ്യമപ്രവർത്തകന് ആദ്യം വേണ്ടത് ദേശത്തോടുള്ള ബഹുമാനമാണെന്നും അർണബ് പമ്പര വിഡ്ഢിയാണെന്നും നിങ്ങളെ വെറുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രളയത്തിൽ നിന്നും കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച അർണബിന് മനോരമ ഓൺലൈനിലൂടെ മറുപടി പറയുകയായിരുന്നു മേജർ രവി. നേരത്തേ അർണബിനെതിരെ നടൻ അജു വർഗീസും രംഗത്തെത്തിയിരുന്നു.
അർണബ് സ്വന്തമായി ചാനൽ തുടങ്ങിയതോടെ മോദി അനുകൂലിയായി. പൂർണമായും ബിജെപി ചായ്‌വുള്ള ചാനലിന്റെ മേധാവിയായെന്നും. അർണബിനോട് ഇപ്പോൽ സഹതാപം മാത്രമാണ്. എസി റൂമിൽ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായിൽ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവർത്തനം.
‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍’ ഇങ്ങനെയാണല്ലോ അർണബിന്റെ വാക്കുകൾ. അത് ആരെ വേണമെങ്കിലും എത് പാർട്ടിയെ വേണമെങ്കിലും ആകാം. ഏതായാലും അത് ഞാനുൾപ്പെടെയുള്ള മലയാളികളെയാണ് പറഞ്ഞത്. ഇങ്ങനെ പറയാൻ ആരാണ് അർണബ്. ആരാണ് അതിന് അനുവാദം കൊടുത്തിരിക്കുന്നത്.
ഞാൻ പറയുന്നു, അർണബ് താങ്കളാണ് പമ്പര വിഡ്ഢി. ഞാൻ നിങ്ങളെ വെറുക്കുന്നു. - മേജർ രവി പറഞ്ഞവസാനിപ്പിച്ചു.