ഒരു മാസത്തെ ശമ്പളം മാത്രമല്ല സ്വർണമാല കൂടി പ്രളയബാധിതർക്ക് നൽകി ശമീമ ടീച്ചർ
ഒരു മാസത്തെ ശമ്പളം മാത്രമല്ല സ്വർണമാല കൂടി പ്രളയബാധിതർക്ക് നൽകി ശമീമ ടീച്ചർ
പ്രളയക്കെടുതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തെ കൈപിടിച്ചുയർത്തുന്നതിന് ലോകമെമ്പാടുമുള്ള ആളുകൾ കൈകോർത്തിരിക്കുകയാണ്. എന്നാൽ രണ്ട് പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശമീമ ടീച്ചർ.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'വണ്‍ മന്ത് ഫോര്‍ കേരള' ക്യാംപയിനില്‍ പങ്കാളിയായി ഒരു മാസത്തെ തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ചതിന് പുറമെയാണ് 16.280 ഗ്രാം വരുന്ന സ്വര്‍ണമാലയും കൂടി ടീച്ചര്‍ സംഭാവനയായി നല്‍കിയത്. മാഹി പള്ളൂര്‍ സ്വദേശിയാണ് ശമീമ ടീച്ചർ.
പണമായി നൽകാൻ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ടാണ് മാല ഊരി നൽകിയതെന്ന് ടീച്ചർ പറയുന്നു. പ്രളയബാധിതരായ ലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥവെച്ചുനോക്കുമ്പോൾ താൻ ചെയ്‌തത് അത്ര വലിയ കാര്യമാണെന്ന് തോന്നുന്നില്ലെന്നും ടീച്ചർ പറഞ്ഞു. കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന് മാല കൈമാറുകയായിരുന്നു.