രാജുച്ചായൻ അവസാനം അഭിനയിച്ചത് എനിക്കൊപ്പമാണ്, വലിയൊരു നഷ്ടം: മമ്മൂട്ടി
ക്യാപ്റ്റൻ രാജുവിന്റെ ഓർമയിൽ മമ്മൂട്ടി
Publish Date: Mon, 17 Sep 2018 (10:29 IST)
Updated Date: Mon, 17 Sep 2018 (10:30 IST)
നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമ. ക്യാപ്റ്റൻ രാജു മലയാള സിനിമയ്ക്ക് രാജുച്ചായൻ ആയിരുന്നുവെന്ന് നടൻ മമ്മൂട്ടി. ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചനം നേർന്ന് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ക്യാപ്റ്റൻ രാജുവിന്റെ വേർപാട് മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണെന്ന് മമ്മൂട്ടി പറയുന്നു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയത്. എല്ലാവരോടും പ്രത്യേകരീതിയിലാണ് സംസാരിക്കുന്നത്. രാജുച്ചായൻ എന്നാണ് സ്വയം പരിചയപ്പെടുത്തുക.’–മമ്മൂട്ടി പറഞ്ഞു.
‘അടുത്തുകാലത്ത് അസുഖമുണ്ടായി. അതിനു മുമ്പ് അപടകത്തിൽ സ്ട്രോക്ക് ഉണ്ടായി കാലിന് പരുക്കേറ്റിരുന്നു. അവസാനമായി അഭിനയിച്ചതും എനിക്കൊപ്പം മാസ്റ്റർപീസിലാണ്. വടക്കൻ വീരഗാഥ, ആവനാഴി അങ്ങനെ പ്രസിദ്ധമായ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചു.’–മമ്മൂട്ടി പറഞ്ഞു