ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാർഷിക യോഗം കഴിഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഡബ്ലുസിസി അംഗങ്ങളുടേയും അമ്മ അംഗങ്ങളുടേയും ഇടയിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തതും മമ്മൂട്ടി ആയിരുന്നു.
സംഘടനയില്‍ നിന്നും പുറത്തുപോയവരെ അംഗത്വ ഫീസ് പോലും വാങ്ങാതെ തിരികെ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദിലീപ് കേസിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് അമ്മയിൽ നിന്നും ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർ രാജിവെച്ച് പുറത്തു പോയിരുന്നു. ഇവരുടെ തിരിച്ചുവരവും അമ്മയുടെ ഭരണഘടന ഭേദഗതിയുമൊക്കെയായിരുന്നു ഇത്തവണത്തെ യോഗത്തിലെ പ്രധാന വിഷയങ്ങള്‍.
വനിതാ സംഘടനയിലെ അംഗങ്ങളും അമ്മയിലെ അംഗങ്ങളുമായെല്ലാം ഇക്കാര്യം സംസാരിക്കാൻ മുൻകൈ എടുത്തത് മമ്മൂട്ടി ആയിരുന്നു. തിരിച്ച് വരവിനെ കുറിച്ചും സ്ത്രീകളുടെ പ്രാധിനിത്യത്തെ കുറിച്ചുമെല്ലാം മമ്മൂട്ടിയും ജോയ് മാത്യുവും പാർവതി, രേവതി എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു.
യോഗത്തിന് മുന്‍പ് മമ്മൂട്ടിയും ജോയ് മാത്യുവുമൊക്കെ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അവരുള്‍പ്പടെ അമ്മയിലെ അംഗങ്ങള്‍ കൂടുതലായി തങ്ങളുടെ നിലപാടിനെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമൊക്കെ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.
പാര്‍വതിയും രേവതിയും മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെല്ലാം മമ്മൂട്ടി ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. അവരെ പിന്തുണച്ചതിനോടൊപ്പം തന്നെ അമ്മയുമായി സഹകരിച്ച് തന്നെ വനിതാ സംഘടന മുന്നോട്ട് പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജനത്തിനുള്ള സാധ്യത തെളിഞ്ഞ് വന്നതോടെയാണ് മമ്മൂട്ടി പാർവതിയുമായി ചർച്ച നടത്തിയത്.