Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായി പുതിയൊരു കേരളം സൃഷ്ടിക്കുന്നു?

മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വാദിഖലി

പിണറായി പുതിയൊരു കേരളം സൃഷ്ടിക്കുന്നു?
, ശനി, 24 മാര്‍ച്ച് 2018 (08:20 IST)
വത്തയ്ക്ക വിവാദത്തില്‍ അധ്യാപകനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സ്വാദിഖലി. മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടിയെന്ന് പിണറായി സര്‍ക്കാര്‍ ഓര്‍ത്താല്‍ നന്നെന്ന് സ്വാദിഖലി പറയുന്നു.
 
പി.എം സ്വാദിഖലിയുടെ വാക്കുകള്‍:
 
പിണറായി പുതിയൊരു കേരളം സൃഷ്ടിക്കുകയാണ്. 
കേട്ടുകേള്‍വിയില്ലാത്ത, കണ്ടു പരിചയമില്ലാത്ത, മലയാളികള്‍ക്ക് തീര്‍ത്തും അന്യമായ ഒരു കേരളം.
രാജാവു നഗ്‌നനാണെന്നു വിളിച്ചു പറയാന്‍ ചങ്കൂറ്റമില്ലാത്ത മുഴുവന്‍ പ്രജയുടെയും കട്ട സപ്പോര്‍ട്ട് പിണറായിക്ക്…
തുണിയുടുത്തും മാറു മറച്ചും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ജീവിക്കണമെന്ന സോദ്ദേശ്യത്തോടെയുള്ള ഒരു അധ്യാപകന്റെ ഉപദേശങ്ങള്‍ക്ക് പോലീസിന്റെ പിടി. പിണറായിപ്പോലീസും അതിന്റെ കൂട്ടാളികളുമല്ലേ ഇവിടെ യഥാര്‍ത്ഥത്തില്‍ സാദാചാര ഗുണ്ടകള്‍?
 
അന്തരീക്ഷത്തില്‍ ഈ കറുത്ത പുകപടലങ്ങള്‍ ഇരുള്‍ പരത്തി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ചില സ്വാഭാവിക ചിന്തകള്‍ കടന്നുവരുന്നത്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഴ്ചപ്പതിപ്പില്‍ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹയുടെ ഒരു ലേഖനം വന്നിരുന്നു. തീവ്ര മതേതരത്വ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ ജൂത കുട്ടികളുടെ സ്‌കള്‍ ക്യാപ്പ്, സിക്കുകാരുടെ ടര്‍ബണ്‍, മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം എന്നിവയ്‌ക്കെല്ലാം നിരോധനമാണ്. മതേതരത്വത്തിന്റെ പേരില്‍ ഒരു വിശ്വാസിയില്‍ അന്തര്‍ലീനമായ ചോദനകളെ നിരാകരിക്കുന്നതിനെ രാമചന്ദ്ര ഗുഹ ചോദ്യം ചെയ്യുന്നു.
 
അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളെ ഗളച്ഛേദം ചെയ്യുന്നതില്‍ അദ്ദേഹം ആശ്ചര്യപ്പെടുകയും ചെയ്യുന്നു. അവിടെ വിശ്വാസത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
 
ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന രാമചന്ദ്ര ഗുഹ കോഴിക്കോട് സര്‍വകലാശാലയിലെ സെമിനാര്‍ ഹാളില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ വന്നപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.
സെമിനാര്‍ ഹാളില്‍ കേള്‍വിക്കാരായി ഭൂരിഭാഗവും മുസ്‌ലിം പെണ്‍കുട്ടികളാണ്.
അവര്‍ ശിരോവസ്ത്രവും ഇസ്‌ലാമിക വേഷങ്ങളും ധരിച്ചിട്ടുണ്ട്.
 
പ്രൊഫസര്‍മാരും വിദ്യാഭ്യാസ വിദഗ്ധരും സമ്മേളിച്ചിരിക്കുന്ന ആ ഹാളില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതി ആരും ഗൗനിക്കുന്നു പോലുമില്ല. വിദ്യാര്‍ത്ഥിനികളാകട്ടെ, തങ്ങളുടെ ഉമ്മൂമ്മമാര്‍ക്ക് നിഷേധിക്കപ്പെട്ട അറിവിന്റെ ലോകം ആര്‍ത്തിയോടെ പ്രഭാഷണങ്ങളില്‍നിന്ന് കുറിച്ചെടുക്കുകയും ചെയ്യുന്നു.
 
മനോഹരമായ ഈ കാഴ്ച കേരളത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക ഔന്നത്യവും മതേതര പാരമ്പര്യവും വിളിച്ചോതുന്നതാണെന്ന് രാമചന്ദ്രഗുഹ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിശ്വാസ സ്വാതന്ത്ര്യത്തെയും തനത് മതേതരത്വത്തെയും അദ്ദേഹം ആദരവോടെ നോക്കിക്കാണുന്നു.
 
കാലത്തിന്റെ ഭീകരതകള്‍ മാത്രം പേറാന്‍ വിധിക്കപ്പെട്ട ഒരു ജനതയെ ചന്ദ്രക്കലയിലേക്ക് വിരല്‍ ചൂണ്ടി അഭിമാനകരമായ ആസ്തിക്യത്തിന്റെ നിറനിലാമുറ്റത്തേക്ക് വഴിനടത്തിയ സി.എച്ച് മുഹമ്മദ് കോയ എന്ന മഹാ മനീഷിയെ മനം കുളിര്‍ത്ത് ഓര്‍ത്ത സന്ദര്‍ഭങ്ങളിലൊന്ന്. മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ച കര്‍മയോഗി സി.എച്ച് മുഹമ്മദ് കോയ.
 
ഈ കേരളത്തിലാണ് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടും തനത് മതേതര സംസ്‌കാരം നിരാകരിച്ചു കൊണ്ടും വരട്ടു തത്വവാദികളും അരാജകവാദികളും ഇന്ന് നിറഞ്ഞാടുന്നത്. ഇക്കൂട്ടരുടെ അഴിഞ്ഞാട്ടങ്ങള്‍ക്കും തോന്നിവാസങ്ങള്‍ക്കും ഭരണകൂട പിന്‍ബലം നല്‍കുന്ന പിണറായി സര്‍ക്കാര്‍ ജനരോഷത്തിന്റെ കോപാഗ്‌നിയില്‍ ഇതിനകം തന്നെ വീണുകഴിഞ്ഞിരിക്കുന്നു. മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വാദിഖലി