ഇതൊരു തുടക്കം മാത്രമെന്ന് പൃഥ്വി, അത്ഭുതമെന്ന് മഞ്ജു! - ഇന്ദ്രൻസിന്റെ വാക്കുകളെ തിരുത്തി താരങ്ങൾ

ചൊവ്വ, 14 ഓഗസ്റ്റ് 2018 (17:33 IST)
വിസി അഭിലാഷ് സംവിധാനം ചെയ്ത് ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇന്ദ്രൻസെന്ന നടനെ തിരിച്ചറിയാൻ വർഷങ്ങളെടുത്തു.  
 
ഇന്ദ്രന്‍സിനെ കിറിച്ച്‌ പൃഥ്വിരാജും മഞ്ജു വാര്യരും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലയാള സിനിമയിലെ മികച്ച വ്യക്തിത്വം എന്നൊരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അത് പല തവണ ഇന്ദ്രന്‍സിന് ലഭിക്കുമായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. 
 
ഇന്ദ്രന്‍സിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളുടെ തുടക്കം മാത്രമാകട്ടെ ഇതെന്നും. ഇനിയും കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കട്ടെയെന്നും പൃഥ്വിരാജ് ആശംസിച്ചു. അതേസമയം, മലയാള സിനിമയിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നാണ് ഇന്ദ്രന്‍സ് എന്നായിരുന്നു മഞ്ജു പ്രതികരിച്ചത്. 
 
‘കണ്ണിന് കാണാന്‍ പോലും കഴിയാത്ത എനിയ്ക്ക് അവാര്‍ഡ് നേടിതന്ന നിങ്ങളെയൊക്കെ സമ്മതിക്കണം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. ഇത് അദ്ദേഹത്തിന് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണ്. ഇന്ദ്രന്‍സേട്ടന്‍ കണ്ണിനു കാണാന്‍ കഴിയാത്ത് ആളല്ല. ഞങ്ങളൊക്ക കണ്‍നിറയെ അത്ഭുതത്തോടെ നോക്കുന്ന ആളാണ്’ - മഞ്ജു പറഞ്ഞു.  
 
തിരുവനന്തപുരത്ത് വച്ച്‌ നടന്ന ഇന്ദ്രന്‍സിനെ ആദരിക്കല്‍ ചടങ്ങിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍. മ‍ഞ്ജുവാര്യരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കുകൾ കൂടും