'പരാതി വ്യാജം, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത്': ബിഷപ്പ് ഫ്രാങ്കോ
'പരാതി വ്യാജം, തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോധ്യമുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത്': ബിഷപ്പ് ഫ്രാങ്കോ
മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് ശ്രമിക്കാത്തത് താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ. വത്തിക്കാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നും ജലന്ധറില്‍ ഒളിച്ച് താമസിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അന്വേഷണസംഘം ജലന്ധറിൽ എത്തിയാൽ അവരോട് പൂർണ്ണമായി സഹകരിക്കുമെന്നും കേരളാ പൊലീസ് തന്നെ ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണം സംബന്ധിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരിക എന്നത് തന്റെ കൂടി ഉത്തരവാദിത്തമാണെന്നും ബിഷപ്പ് വ്യക്തമാക്കി.
പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന ബിഷപ്പ് ചോദിച്ചു. ബിഷപ്പ് പദവിയില്‍നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അത് എല്ലാം സഭയുടെ തീരുമാനത്തിന് വിടുന്നതായും അദ്ദേഹം പറഞ്ഞു.