Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജ്, കമൽ, പാർവതിമാർ ഇക്കാര്യത്തിൽ മിണ്ടുന്നില്ല; ചലച്ചിത്ര താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രന്‍

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

പൃഥ്വിരാജ്, കമൽ, പാർവതിമാർ ഇക്കാര്യത്തിൽ മിണ്ടുന്നില്ല; ചലച്ചിത്ര താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്ത് ശോഭ സുരേന്ദ്രന്‍

റെയ്‌നാ തോമസ്

, ശനി, 4 ജനുവരി 2020 (14:59 IST)
മലയാള ചലച്ചിത്ര താരങ്ങളുടെ സാമുഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പൗരത്വ നിയമത്തില്‍ പ്രതികരിച്ച പൃഥ്വിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹ്യ പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ കണുന്നില്ലെന്നാണ് ആരോപണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. 
 
ചലച്ചിത്ര മേഖലയില്‍ ലൈംഗിക ചൂഷണം അടക്കം അനുഭവിക്കേണ്ടി വരുമെന്ന് അഭിനേതാക്കളായ സ്ത്രീകള്‍ മൊഴിനല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മീഷന്‍മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിനിമാമേഖലയില്‍ നിന്ന് ആരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറയുന്നു.
 
ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ‌രൂപം:-
 
മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങളേക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മീഷന്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കി ദിവസങ്ങളായിട്ടും സിനിമ മേഖലയില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത് അമ്പരപ്പിക്കുന്നു. ലൈംഗിക ചൂഷണം ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകള്‍ മൊഴി നല്‍കിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുറത്തു വന്ന ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ തെറ്റിദ്ധാരണ പരത്താന്‍ തെരുവില്‍ റാലി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ വെളിപ്പെട്ടു കാണുന്നില്ല. ഇത്ര ഗുരുതരമായ വിഷയം കണ്മുന്നില്‍ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികളേക്കുറിച്ച് സര്‍ക്കാരിനോടു ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കല്‍പ്പിക്കാത്ത 'കാസ്റ്റിംഗ് കൗച്ചു' കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ല. സാമൂഹിക പ്രതിബദ്ധത ആത്മാര്‍ത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കില്‍ ഇവര്‍ ഈ നിശ്ശബ്ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ല എന്നതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടാമെന്ന് സര്‍ക്കാര്‍ കരുതരുത്. അതിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടണം.
തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പലരും മടിച്ചെന്നും ഭയംകൊണ്ടാണ് അതെന്നും റിപ്പോര്‍ട്ടിലുണ്ട് എന്നും സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നും കണ്ടെത്തലുകള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന പരിഹാര നിര്‍ദേശങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരില്‍ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്റെ കാരണവും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കും. ഇനിയും അത് പൂഴ്ത്തിവയ്ക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിപിഎസിന് പകരം 'നാവിക്', ഇസ്രോ വികസിപ്പിച്ച ഗതിനിർണയ സംവിധാനം സ്മാർട്ട്‌ഫോണുകളിലേക്ക്, ക്വാൽകോം ചിപ്പുകൾ ഉടൻ !