Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം: ശ്യാം പുഷ്‍കരൻ

സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം: ശ്യാം പുഷ്‍കരൻ
, ശനി, 27 ഏപ്രില്‍ 2019 (10:26 IST)
നടനും സുഹൃത്തുമായ അലൻസിയർക്കെതിരെ മീ ടൂ ആരോപണം ഉയർന്നപ്പോൾ സന്ധി സംഭാഷണത്തിനായി നടൻ വിളിച്ചിരുന്നുവെന്നും എന്നാൽ അതിനോട് യോജിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്തും നിർമാതാവുമായ ശ്യാം പുഷ്‍കരൻ. പ്രശ്നം ഒത്തു തീർക്കാനാണ് അലൻസിയർ വിളിച്ചതെന്ന് ശ്യാം പറയുന്നു.
 
ആക്രമണത്തിന് ഇരയായ അഭിനേത്രിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരു തരത്തിലുള്ള സന്ധി സംഭാഷണത്തിനുമില്ലെന്ന് അലൻസിയർക്ക് വ്യക്തമായി മറുപടി നൽകിയെന്ന് ശ്യാം പുഷ്കരൻ പറഞ്ഞു. WCC-യുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു ശ്യാം പുഷ്കരന്‍റെ വെളിപ്പെടുത്തൽ.
 
ശ്യാം പുഷ്കരന്‍റെ വാക്കുകൾ :
 
''ഞങ്ങൾ ആണുങ്ങളുടെ തന്ത്രം, അല്ലെങ്കിൽ പാട്രിയാർക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുക. അങ്ങനെ സമൂഹത്തിൽ നിന്ന് അവരെ മാറ്റി നിർത്തുക. അങ്ങനെയാവുമ്പോൾ നമുക്ക് അവരെ നിയന്ത്രിക്കാൻ എളുപ്പമാണ്. മണ്ടി എന്ന് വിളിക്കാം, ഉപദേശിക്കാം, നേർവഴി കാണിക്കാം.
 
WCC തന്ത്രങ്ങളൊക്കെ നേരത്തേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമാ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരണമെന്ന് WCC ആവശ്യപ്പെട്ടത്. സിനിമാരംഗത്ത് കംപ്ലെയ്‍ന്‍റ്സ് സെൽ വേണം. സ്ത്രീകൾക്ക് ഈ രംഗത്ത് സുരക്ഷാ സംവിധാനങ്ങൾ വേണം. ആദ്യത്തെ രണ്ട് വർഷം കൊണ്ട് WCC അടിസ്ഥാനപരമായ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 
 
ഞാനൊരു wanna be feminist ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്ത്രീപക്ഷ സിനിമ എന്ന രീതിയിൽ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ്. ആദ്യസമയത്ത് സ്ത്രീപക്ഷസിനിമ ചെയ്യണമെന്ന് കരുതി, അമ്മയുടെയും കൂട്ടുകാരിയുടെയും ഒക്കെ ബുദ്ധിമുട്ടുകൾ കണ്ട്, അത്തരമൊരു സിനിമയെടുക്കാൻ ശ്രമിച്ചയാളാണ് ഞാൻ. പക്ഷേ, പുരുഷമേധാവിത്വം ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധതയാണ് പുറത്തു വരിക. അത് പരമാവധി തിരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്.
 
WCC പാട്രിയാർക്കിയെ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെപ്പോലുള്ള പുരുഷൻമാർക്ക് ധൈര്യം തരുന്നുണ്ട്. അതാണ് അവരോടൊപ്പം നിൽക്കാൻ എനിക്ക് കഴിയുന്നത്.
 
ഒരു കാര്യം കൂടി പറഞ്ഞ് എന്‍റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്. #MeToo, വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‍മെന്‍റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലൻസിയർ. അദ്ദേഹത്തിന്‍റെ കൂടെ രണ്ട് മൂന്ന് സിനിമകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. മീടൂ വന്നപ്പോൾ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങൾ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെൺകുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല. 
 
സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല. നന്ദി.''

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമ്പന്‍ പാലത്തിൽ ബോംബ് വെയ്ക്കും, കേരളത്തിൽ ഭീകരാക്രമണമുണ്ടാകും; ഭീഷണി വ്യാജമെന്ന് പോലീസ്