വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കുടുംബവും സഹപ്രവർത്തകരും മോചിതരായിട്ടില്ല. വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് അജാസ് സൌമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.
പൊള്ളിയടര്‍ന്ന സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടി വന്ന വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.
പ്രിയ സഹപ്രവർത്തകക്ക് ആദരാഞ്ജലി എന്നാണ് സ്‌ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പ് തുടങ്ങുന്നത്. പൂർണരൂപം വായിക്കാം: '' ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതല കൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ.
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്.. " അതെ ഞാൻ പോലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ ".ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു... ''അതെ ഞാൻ പോലീസാണ് ". ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്.
കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം.. അതേ പോലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു... വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ..
ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു... ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു... മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ , കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം...