കീഴാറ്റൂരില്‍ വേണ്ടാത്ത ബൈപാസ് മറ്റ് മണ്ഡലത്തിലും വേണ്ടെന്ന് വെക്കാന്‍ സാധിക്കുമോ?
മണ്ണെടുക്കാതെ, മരം വെട്ടാതെ കേരളത്തില്‍ ഒരു റോഡ് പോലും സാധ്യമല്ലല്ലോ? - ബൈപാസിനെ എതിര്‍ക്കുന്നവര്‍ക്ക് ചുട്ട മറുപറ്റിയുമായി ടി വി രാജേഷ്
കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെന്ന നിലപാടിലാണ് വയല്‍ക്കിളികളും ബിജെപിയും ഒപ്പം കോണ്‍ഗ്രസും. ആരംഭിച്ച നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സി പി എം. അതേസമയം, വികസനത്തിനെതിര് നില്‍ക്കുകയാണ് ചില കപട പരിസ്ഥിതിക്കാരെന്ന് ടി വി രാജേഷ് എം എല്‍ എ നിയമസഭയില്‍ പറഞ്ഞു.
ബൈപാസിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു രാജേഷ് സംസാരിച്ചത്. നിയമസഭയൊന്നാകെ കൈയ്യടിച്ച പ്രസംഗത്തില്‍ എന്താണ് കപട പരിസ്ഥിതിവാദമെന്നും എന്താണ് കപട രാഷ്ട്രീയമെന്നും രാജേഷ് ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.
പ്രസംഗത്തിലെ പ്രസക്തമായ ഭാഗം:
റോഡ് വികസനത്തിന്റെ മറ്റൊരു ഭാഗമാണ്. റൊഡുണ്ടെങ്കിലേ നാട്ടില്‍ വികസനം വരികയുള്ളു. അഞ്ച് വര്‍ഷം കൊണ്ട് അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ അമ്പതിനായിരം കോടി നിക്ഷേപം നടത്തുന്നതിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് നാടിന്‍റെ വികസനമാണ്.
പ്രകൃതിസമ്പത്തും വികസിക്കണം, മനുഷ്യന്‍റെ അടിസ്ഥാന സൗകര്യങ്ങളും വികസിക്കണം. അതാണ് ഈ സര്‍ക്കാരിന്‍റെ നയം. അതിനിടയില്‍ പരിസ്ഥിതിവാദമുയര്‍ത്തുന്നവര്‍ക്ക് പിന്നാലെ പോയി അവര്‍ പറയുന്ന കള്ളങ്ങള്‍ക്ക് ചൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ ആയുധം കണ്ടെത്തുന്നവര്‍ വികസനം അട്ടിമറിക്കുന്നതിന് ഒത്താശ ചെയ്യുകയാണ്.
വാഹനപ്പെരുപ്പവും റോഡ് അപകടങ്ങളും ദിവസേന വര്‍ദ്ധിക്കുകയാണ്. മനുഷ്യജീവനുകള്‍ റോഡില്‍ പിടഞ്ഞുവീഴുന്നു. ഇത് മുന്നില്‍ കണ്ടാണ് ഈ സര്‍ക്കാര്‍ സംസ്ഥാനത്താകെ പരിഗണനയില്‍ ഇരിക്കുന്നതും പ്രവൃത്തി തുടങ്ങിയതുമായ ബൈപാസുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുന്നത്.
ഇവിടെയിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലും ഈ ബൈപാസുകളുണ്ട്. കീഴാറ്റൂരില്‍ വേണ്ടാത്ത ബൈപാസ് നിങ്ങളുടെ മണ്ഡലത്തിലും വേണ്ടെന്ന് വെക്കാന്‍ സാധിക്കുമോ.? മണ്ണെടുക്കാതെ, മരം വെട്ടാതെ കേരളത്തില്‍ ഒരു റോഡ് പോലും സാധ്യമല്ലല്ലോ. പരിസ്ഥിതിവാദികള്‍ കേരളത്തിലെ എല്ലാ ബൈപാസും വേണ്ടെന്ന് പറയട്ടെ. കീഴാറ്റൂരില്‍ സമരത്തിന് പോയ പി സി ജോര്‍ജ്ജ്, താങ്കളുടെ മണ്ഡലത്തിലൂടെ പോകുന്ന ബൈപാസ് റോഡ് വേണ്ടെന്ന് വെക്കാന്‍ തയ്യാറുണ്ടോ.? ടി വി രാജേഷ് ചോദിച്ചു.