പറക്കുന്നതിനിടെ എഞ്ചിനിൽ തീപിടുത്തമുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. അമേരിക്കയിലെ ലോസേഞ്ചലസ് വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. 347 യാത്രക്കരും 18 ജീവനക്കാരുമായി മനിലയിലേക്ക് പറന്നുയർന്ന ഫിലിപ്പൈൻസ് എയർലൈൻസിന്റെ പി ആർ 113, ബോയിങ് 777 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന് അൽപ സമയത്തിനുള്ളിൽ തന്നെ പ്രധാന എഞ്ചിനുകളിൽ ഒന്നിന് തീപിടിക്കുകയായിരുന്നു. എഞ്ചിനിലെ അഗ്നിബാധ മനസിലായതോടെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെട്ട് വിമാനം ഉടൻ തിരിച്ചിറക്കി. യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിമാനം പറന്നുയർന്ന് അൽപ സമയത്തിനകം വലത് വശത്തിന്നും വലിയ ശബ്ദ കേട്ടു എന്നും പിന്നീട് എഞ്ചിൻ കത്തുന്നതാണ് കണ്ടത് എന്നും യാത്രക്കാർ പറഞ്ഞു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് എന്ന് ആധികൃതർ വ്യക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ പിന്നീട് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.